
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ തിരികെ ജയിലിലേക്ക് തന്നെ കൊണ്ടുപോയി. അസുഖ ബാധിതനായ ആസാദിന് രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ രക്തം മാറണമെന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡല്‍ഹി എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ആസാദിന്റെ രക്തം മാറ്റിയില്ല. ഡല്‍ഹിയിലെ ദീന് ദയാല്‍ ഉപാധ്യായ ആശുപത്രിയിലാണ് ആസാദിന്റെ വൈദ്യ പരിശോധന നടത്തിയത്.
പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ആസാദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിഹാര്‍ ജയിലില്‍ റിമാന്റിലായിരുന്ന ആസാദിന്റെ ആരോഗ്യനില മോശമായിട്ടും അനധികൃത ചികിത്സ നിഷേധിക്കുകയായാണെന്ന് പരാതി ഉയര്‍ന്നിരുന്നു.
ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ആസാദിന് രണ്ടാഴ്ച്ചയിലൊരിക്കല്‍ രക്തം മാറ്റേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ പക്ഷാഘാതമോ ഹൃദയാഘാതമോ ഉണ്ടായേക്കാമെന്നും വ്യക്തമാക്കി ഇദ്ദേഹത്തിന്റെ ഡോക്ടറായ ഹര്‍ജിത് സിങ്ങ് ഭട്ടി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.






