
പ്രായം തൊണ്ണൂറായാല് ചടഞ്ഞു കൂടി ഇരിക്കണമെന്ന് ചിന്തിക്കുന്നവര്‍ക്ക് പ്രചോദനമാകുകയാണ് ഛണ്ഡിഗഡ് സ്വദേശിയായ ഒരു മുത്തശ്ശി. ഹര്ഭജന് കൗര്‍ എന്ന മുത്തശ്ശിയാണ് തന്റെ തൊണ്ണൂറ്റി നാലാം വയസ്സില്‍ ഒരു ബിസിനസ് തുടങ്ങിയത്. മധുരപ്രിയയായ ഹര്ഭജന് തന്റെ പേരില്‍ തന്നെ ബേസന് ബര്ഫികളാണ് ഉണ്ടാക്കി വില്‍ക്കുന്നത്. ഹര്‍ഭജന്റെ മകളാണ് ഈ പ്രായത്തിലും അമ്മയെ ബിസിനസ് തുടങ്ങാന്‍ പ്രോത്സാഹിപ്പിച്ചത്.
ഒരിക്കല്‍ ഹര്ഭജന് തന്റെ മകളോട് പറഞ്ഞു, തനിക്ക് ഇതുവരെയും ഒരുരൂപ പോലും സമ്പാദിക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന്. അമ്മ നിരാശയോടെ പറഞ്ഞ ഈകാര്യം കേട്ട് മകള്‍ക്ക് വിഷമമായി. അമ്മ നന്നായി ഭക്ഷണം ഉണ്ടാക്കുന്നതു കൊണ്ടു തന്നെ വീട്ടില്‍ നിന്നു പുറത്തേക്ക് ഒരു ചോക്ലേറ്റ് കഴിക്കാന്‍ പോലും പോകേണ്ടി വന്നിട്ടില്ലായിരുന്നുവെന്നാണ് മകള്‍ പറയുന്നത്. കുട്ടിക്കാലത്ത് തങ്ങള്‍ക്ക് ഉണ്ടാക്കിത്തന്നിരുന്ന ബേസന് ബര്‍ഫി അമ്മയ്ക്ക് ഉണ്ടാക്കിക്കൂടേയെന്ന് മകള്‍ ഇതോടെ ഹര്‍ഭജനോട് ചോദിക്കുകയായിരുന്നു. മകളുടെ ഈ ആശയം ഹര്ഭജന് മുത്തശ്ശിയ്ക്കും ഇഷ്ടമായി. ഇതോടെയാണ് മുത്തശ്ശി ബിസിനസ് ആരംഭിച്ചത്.
മുത്തശ്ശിയുടെ ബിസിനസിലേക്കുള്ള പ്രവേശനത്തെ അഭിനന്ദിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും രംഗത്തെത്തി. '' സ്റ്റാര്‍ട്ട് അപ്പ് എന്നു കേള്‍ക്കുമ്പോള്‍ സിലിക്കണ്‍ വാലിയിലെയും ബെംഗളൂരുവിലെയുമൊക്കെ കോടികളുടെ ബിസിനസ് നടത്തുന്ന ലക്ഷക്കണക്കിനു പേരുടെ മുഖം മനസ്സില്‍ തെളിയാറുണ്ട്, ഇന്നുതൊട്ട് സ്റ്റാര്‍ട്ട്അപ് തുടങ്ങാന്‍ പ്രായം തടസ്സമല്ലെന്നു തെളിയിച്ച ഈ തൊണ്ണൂറ്റിനാലുകാരി കൂടി അതിലിടം നേടണം. അവരാണ് എന്റെ ഈ വര്‍ഷത്തെ മികച്ച സംരംഭക'' ഹര്‍ഭജന്റെ വാര്‍ത്ത പങ്കുവച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചു.






