
മരടിലെ ഫ്ളാറ്റുകള്‍ നിമിഷങ്ങള്‍ കൊണ്ട് തകര്‍ത്തതോടെ നിരവധി പേരുടെ സ്വപ്നങ്ങളും അധ്വാനവും കൂടിയാണ് തകര്‍ന്നത്. മരടില്‍ സാധാരണക്കാരുടെ ഫ്ളാറ്റുകള്‍ മാത്രമല്ല താരങ്ങളുടെ ഫ്ളാറ്റുകളും ഉണ്ടായിരുന്നു. സംവിധായകരായ ബ്ലെസിയുടേയും മേജര്‍ രവിയുടേയും ഫ്ളാറ്റുകളും തകര്‍ന്നവയില്‍ പെടുന്നു. മരട് ഫ്ളാറ്റുകള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് സിനിമയും ഡോക്യുമെന്ററിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ബ്ലെസിയും മേജര്‍ രവിയുമടക്കമുള്ള സിനിമാക്കാരാണ് തങ്ങള്‍ കൂടി താമസിച്ചിരുന്ന ഫ്ലാറ്റിന്റെ പതനം സിനിമയും ഡോക്യുമെന്ററിയുമാക്കാന്‍ ഒരുങ്ങുന്നത്. ബ്ലെസി മരട് വിഷയത്തില്‍ ഡോക്യുമെന്ററിയാണ് ഒരുക്കുന്നത്. മേജര്‍ രവി വിഷയത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ തുറന്നുകാട്ടി സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യം പൊളിച്ച എച്ച് ടു ഒ ഹോളി ഫെയ്ത്തിലെ താമസക്കാരനായിരുന്നു ബ്ലെസി. ഇതേ ഫ്ലാറ്റിലെ ആദ്യ താമസക്കാരനായിരുന്നു മേജര്‍ രവി. സംവിധായകനായ കണ്ണന് താമരക്കുളവും മരട് വിഷയത്തില്‍ സിനിമനഒരുക്കുന്നുണ്ട്. 4 അപ്പാര്‍ട്മെന്റുകളിലെ 357 കുടുംബങ്ങളെ ഒഴിപ്പിച്ചുള്ള പൊളിക്കലിന്റെ കഥ പറയുന്ന 'മരട് 357' എന്ന സിനിമയാണ് ഒരുക്കുന്നത്.
മരടിലെ എച്ച്.ടു.ഒ ഫ്ലാറ്റിലെ പതിനൊന്നാം നിലയിലെ താമസക്കാരനായിരുന്ന ബ്ലെസി നിലവില്‍ മരടിനടുത്തുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്. മരടില്‍ സ്ഫോടനത്തിലൂടെ തകര്‍ത്ത ഫ്ലാറ്റുകളില്‍ മലയാള സിനിമയില്‍ നിന്നുള്ള നിരവധി പേര് താമസിച്ചിരുന്നു. എച്ച്2ഒയില്‍ അടുത്തിടെ അപ്പാര്‍ട്മെന്റ് സ്വന്തമാക്കിയിരുന്ന നടന് സൗബിന് ഷാഹിര്‍ 15-ാം നിലയിലെ താമസക്കാരനായിരുന്നു. 16-ാം നിലയില്‍ ക്യാമറാമാന് ജോമോന് ടി.ജോണിനും 17-ാം നിലയില്‍ സംവിധായകന് അമല്‍ നീരദിനും അപ്പാര്‍ട്മെന്റ് ഉണ്ടായിരുന്നു.






