
ആശുപത്രയിലെ ഓപ്പറേഷന് തിയേറ്ററില്‍ കടന്ന തെരുവുനായ നവജാത ശിശുവിനെ കടിച്ചു കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ സ്വകാര്യ ആശുപത്രിയായ ആകാശ് ഗംഗയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ 8.30നാണ് ആരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ആശുപത്രി അടച്ചുപൂട്ടി.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രവികുമാറിന്റെ കുഞ്ഞാണ് ദാരുണമായി മരിച്ചത്. തലേന്നാണ് രവികുമാര്‍ ഭാര്യ കാഞ്ചനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഖപ്രസവമെന്ന് കരുതിയിരുന്നെങ്കിലും സിസേറിയന് ആയിരുന്നു നടന്നത്. സിസേറിയന് ശേഷം കാഞ്ചനയെ ഓപ്പറേഷന് തിയേറ്ററില്‍ നിന്നും മുറിയിലേക്ക് മാറ്റി. കുറച്ച് സമയത്തിന് ശേഷം ആശുപത്രി ജീവനക്കാര്‍ തിയേറ്ററില്‍ നിന്നും ഒരു നായയെ ഓടിക്കുന്നതാണ് കണ്ടത്. പിന്നീട് നോക്കിയപ്പോഴാണ് രണ്ട് മണിക്കൂര്‍ മാത്രം മുമ്പ് പിറന്ന കുഞ്ഞിന്റെ മൃതദേഹം രക്തത്തില്‍ മുങ്ങി നിലത്തു കിടക്കുന്നത് കണ്ടതെന്ന് രവികുമാര്‍ പറയുന്നു.
നായയുടെ ആക്രമണത്തില്‍ കഴുത്തിലും ഇടത് കണ്ണിലും നെഞ്ചിലും ആഴത്തില്‍ മുറിവ് സംഭവിച്ചിരുന്നു. സംഭവം പരാതി പെടാതിരിക്കാനായി ആശുപത്രി അധികൃതര്‍ പണം വാഹഗ്ദാനം നല്‍കിയെന്നും രവികുമാര്‍ പറഞ്ഞു. ഇതേസമയം, മരിച്ചനിലയിലാണ് കുഞ്ഞ് പിറന്നതെന്ന് ആശുപത്രി ഉടമ വിജയ് പട്ടേല്‍ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, ആശുപത്രി ഉടമ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിക്ക് റജിസ്ട്രേഷന് ഇല്ലായിരുന്നെന്നു വ്യക്തമായിട്ടുണ്ട്.






