
മലയാള സിനിമയില്‍ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട്. പിന്നീട് ലാല്‍ അഭിനയരംഗത്തേക്കും സിദ്ധിഖ് സംവിധാന രംഗത്തും സജീവമായി. പിന്നീടും നിരവധി ഹിറ്റുകള്‍ സിദ്ധിഖിന് മലയാളി പ്രേക്ഷകര്‍ക്കായി സമ്മാനിക്കാന്‍ സാധിച്ചു. ഹിറ്റ്ലര്‍, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലര്‍, ബോഡിഗാര്‍ഡ് തുടങ്ങി ഇപ്പോഴിതാ മോഹന്‍ലാലിന്റെ ബിഗ് ബ്രദറില്‍ എത്തി നില്ക്കുകയാണത്.
എന്നാല്‍ തങ്ങളുടെ ആദ്യത്തെ തിരക്കഥ പരാജയമായിരുന്നുവെന്ന് പറയുകയാണ് സിദ്ധിഖ്. 1986ല്‍ പുറത്തിറങ്ങിയ പപ്പന് പ്രിയപ്പെട്ട പപ്പനാണ് സിദ്ധിഖും ലാലും ചേര്‍ന്നെഴുതിയ ആദ്യ തിരക്കഥ. റഹ്മാന് നായകനായ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ചിത്രം പരാജയമായിരുന്നു. ഇപ്പോള്‍ ഇതേ കുറിച്ച് പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് സിദ്ധിഖ്.
'' കാലത്തിന് വളരെ മുമ്പേ വന്ന സബ്ജക്ടായിരുന്നു പപ്പന് പ്രിയപ്പെട്ട പപ്പന്റേത്. ഇതൊക്കെ നടക്കുന്നതാണോ എന്നായിരുന്നു അന്നത്തെ പ്രേക്ഷകന്റെ ചിന്ത. നടക്കുന്നതല്ല, നടക്കാന്‍ തോന്നിപ്പിക്കുന്നതാണ് സിനിമ. സത്യസന്ധമായതു മാത്രം കാണിക്കുമ്പോള്‍ അത് ഡോക്യമെന്ററിയായി പോവില്ലേ. ആ കാലഘട്ടത്തില്‍ പപ്പനിലേതു പോലുള്ള ഒരു കണ്‍സെപ്ട് സിനിമയില്‍ വന്നിട്ടുണ്ടായിരുന്നില്ല. അതുമാത്രമല്ല, ആദ്യകാലത്തെ ഞങ്ങളുടെ എഴുത്തിന്റെ ഒരു പ്രാരാബ്ധതയും അതിലുണ്ടായിരുന്നു. അന്നത്തെ ചെറിയ ബഡ്ജറ്റില്‍ എടുക്കേണ്ട സിനിമ ആയിരുന്നില്ല പപ്പന് പ്രിയപ്പെട്ട പപ്പന്''- സിദ്ദിഖ് പറയുന്നു






