
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഒടുവില്‍ ജാമ്യം. ഉപാധികളോടെയാണ് ഡല്‍ഹി കോടതി 'രാവണ്‍' എന്നറിയപ്പെടുന്ന ആസാദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. നാലു ആഴ്ച ഡല്‍ഹിയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ആസാദിനോട് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ കാലയളവില്‍ ഉത്തര്‍പ്രദേശിലെ സഹകരന്പൂര് പോലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ചികിത്സയ്ക്കായി ഡല്‍ഹിയില്‍ എത്തണമെങ്കില്‍ അത് പോലീസിനെ മുന്‍കൂട്ടി അറിയിക്കണം. ഒരു മാസത്തേയ്ക്ക് പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കരുത് എന്നീ വ്യവസ്ഥകളും ആസാദിന് ബാധകമാണ്. ഡല്‍ഹി ജമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ ആസാദിനെ അനുവദിക്കണമെന്ന് അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.
പൗരത്വ നിയമത്തിനെതിരെ രാജ്യ തലസ്ഥാന നഗരിയായ ഡല്‍ഹിയിലെ ജമാ മസ്ജിദില്‍ വന്‍ പ്രക്ഷോഭം നടത്തിയതിനിടെയാണ് അതിനാടകീയമായി ആസാദ് അറസ്റ്റിലാകുന്നത്. കഴിഞ്ഞ ഡിസംബര്‍ 21 പുലര്‍ച്ചെയാണ് ആസാദ് അറസ്റ്റിലാകുന്നത്. ആസാദിനെതിരെ ചുമത്തിയ കുറ്റങ്ങളില്‍ തെളിവ് ഹാജരാക്കാന്‍ കഴിയാതിരുന്നതിന് പോലീസിനെ ഡല്‍ഹി കോടതി വിമര്‍ശിച്ചിരുന്നു. പ്രതിഷേധിക്കാന്‍ എല്ലാ പൗരനും ഭരണഘടനാപരമായ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ചന്ദ്രശേഖര്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും ജാമ്യപേക്ഷ പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും പ്രോസിക്യൂട്ടര്‍ ഇന്ന് ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്കുമ്പോള് വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ടെന്നത് ശരിയാണെന്നും, പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ വിവേചനപരമായിട്ടാണ് നിങ്ങള്‍ അനുമതി നല്‍കുന്നതും നിഷേധിക്കുന്നതെന്നും, ഇതാണ് പ്രശ്നമെന്നും കോടതി മറുപടി നല്കി. ആസാദിനൊപ്പം അറസ്റ്റിലായ മറ്റു 15 പേര്‍ക്ക് ജനുവരി ഒന്‍പതിന് ജാമ്യം ലഭിച്ചിരുന്നു.






