
മലയാളത്തിന്റെ നിത്യഹരിത നായകന് പ്രേം നസീറിന്റെ 31 -ാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന് ശബ്ദം നല്കിയ അനുഭവ പങ്കുവെച്ച് നടന് ഷമ്മി തിലകന്. അവസാന കാല ചിത്രങ്ങളില്‍ ഒന്നായ കടത്തനാടന്‍ അമ്പാടി എന്ന ചിത്രം പ്രേം നസീറിന്റെ മരണ ശേഷമായിരുന്നു പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാകും മുന്‍പേ നസീര്‍ മരണപ്പെട്ടു. തുടര്‍ന്ന് ഷമ്മിയാണ് നസീറിനായി ശബ്ദം നല്‍കിയത്. ഷമ്മി തന്റെ ഫേസ്ബുക്കിലൂടെയാണ് അനുഭവം പങ്കുവെക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
#ഓർമ്മദിനം...!!
മലയാളത്തിന്റെ എക്കാലത്തെയും നിത്യഹരിത നായകൻ പ്രേംനസീർ സാറിന്റെ മുപ്പത്തിയൊന്നാം ഓർമ്മദിനം..!
വാരികകളിലും മറ്റും വന്നിരുന്ന നസീർ സാറിന്റെ ചിത്രങ്ങൾ നോട്ടുപുസ്തകത്തിൽ ഒട്ടിച്ച്, ആരാധനയോടെ മാത്രം അദ്ദേഹത്തെ നോക്കിക്കണ്ടിരുന്ന ഞാൻ..;
#കടത്തനാടൻ_അമ്പാടി എന്ന ചിത്രത്തിൽ,
വശ്യമനോഹരങ്ങളായ ആ ചുണ്ടുകളിൽ തന്നെ നോക്കി നോക്കി നിന്ന്..;
അദ്ദേഹത്തിന്റെ രീതികളിൽ..;
അദ്ദേഹത്തിന്റേത് എന്ന് തോന്നിപ്പിക്കുന്ന ശബ്ദത്തിൽ...; അദ്ദേഹത്തിന് വേണ്ടി 'ഡബ്ബ്' ചെയ്ത്..; മലയാള സിനിമയിൽ പിച്ചവെയ്ക്കാൻ സാധിച്ച എനിക്ക്...;
സാറിന്റെ ഓർമ്മകൾ ഈ ദിനത്തിൽ അല്പം അസ്വസ്ഥമാക്കുന്നുവെങ്കിലും..;
എന്റെ ആ ആരാധനാ മൂർത്തി എന്നിലൂടെ പുനർജനിച്ച ആ നിമിഷങ്ങുളുടെ ഓർമ്മകൾ..!
സുഖദുഃഖ സമ്മിശ്രങ്ങളായ ഓർമ്മകൾ..!!
നിങ്ങൾക്കായ് ഒപ്പം ചേർക്കുന്നു..!!
#ഭാഗ്യങ്ങളൊത്തിരിയെൻ_ജീവിതവീഥിയിൽ #ഭാഗമായിട്ടുണ്ടത്_മുജ്ജന്മ_നേട്ടമെൻ..!
അതെ...!!
പ്രേം നസീർ എന്റെ ഒരു ജീവിതഭാഗ്യമാണ് എന്ന് എനിക്ക് അഭിമാനിച്ചു കൂടേ സുഹൃത്തുക്കളേ...!?






