മുംബൈ: ഇന്ദിരാ ഗാന്ധിക്കെതിരായ വിവാദ പ്രസ്താവന പിന്‍വലിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. തന്റെ പ്രസ്താവന കോണ്‍ഗ്രസില്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി. അധോലേക നായകന് കരിം ലാലയുമായി ഇന്ദിരാ ഗാന്ധി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്നായിരുന്നു റാവത്തിന്റെ പ്രസ്താവന. മറാത്ത ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് സഞ്ജയ് റാവത്ത് വിവാദ പ്രസ്താവന നടത്തിയത്.
മുംബൈയുടെ പോലീസ് കമ്മീഷണര്‍ ആരാകണമെന്നും മന്ത്രാലയത്തില്‍ ആര് ഇരിക്കണമെന്നും ഛോട്ടാ ഷക്കീലും ദാവൂദ് ഇബ്രാഹിമും ശരത് ഷെട്ടിയും തീരുമാനിക്കുന്ന കാലമുണ്ടായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധി ദക്ഷിണ മുംബൈയില്‍ എത്തി കരീം ലാലയുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു-റാവത്ത് പറഞ്ഞു.
കരീം ലാല പത്താന് സമുദായക്കാരനായിരുന്നു. പഖ്തും ഇ ഹിന്ദ് എന്ന സംഘടന കരീം ലാല രൂപീകരിച്ചിരുന്നു. സമുദായത്തിലുള്ള സ്വാധീനം കൂടിയാണ് അദ്ദേഹത്തെ കാണാന്‍ ഇന്ദിരാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രേരിപ്പിച്ചിരുന്നതെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. ഇതാണ് താന്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍ ചരിത്രം അറിയാത്ത ചിലര്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം ഇന്ദിരാ ഗാന്ധിയോട് തനിക്ക് ബഹുമാനമുണ്ടെന്നും അവര്‍ ഉരുക്കുവനിതയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഇന്ദിരാ ഗാന്ധി തികഞ്ഞ രാജ്യസ്നേഹിയായിരുന്നു. അവര്‍ ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.






