
സിനിമകള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ രൂപത്തില്‍ മാറ്റം വരുത്തിയതായി സെന്ട്രല്ഫിലിം സര്ട്ടിഫിക്കേഷന് ബോര്‍ഡ്. ആധുനിക ഡിജിറ്റല്‍ ലോകത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ളതാണ് പുതിയ മാറ്റമെന്ന് ഡിബിഎപ്സി ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷി അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള ഒന്‍പത് പ്രാദേശിക ഓഫീസുകളില്‍ പുതിയ സര്‍ട്ടിഫിക്കറ്റ് ഡിസൈന്‍ നടപ്പാക്കിയിട്ടുണ്ട്.
ഒറ്റക്ലിക്കിലൂടെ സിനിമയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും നല്‍കുന്നതാണ് പുതിയ സര്‍ട്ടിഫിക്കറ്റ് എന്ന് പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ പുറത്ത് വിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ സാധിക്കും.
ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങള്‍, ചിത്രത്തിന്റെ കഥയുടെ സംഗ്രഹം, ട്രെയ്ലര് തുടങ്ങിയ വിവരങ്ങള്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കുന്നതാണ് പുതിയ സര്‍ട്ടിഫിക്കറ്റ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു പുതിയ സര്‍ട്ടിഫിക്കറ്റും സിബിഎഫ്സി ലോഗോയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അമിത് ഖാരെയും ചേര്‍ന്ന് പുറത്ത് വിട്ടത്.






