
ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് ക്രൂസര്‍ പ്രാഡോ മോഡലുകള്‍ ടൊയോട്ടയുടെ ഔദ്യോഗിക ഇന്ത്യന്‍ വെബ്സൈറ്റില്‍നിന്ന് നീക്കം ചെയ്തു.
രണ്ട് എസ്യുവികളുടെയും ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. ബിഎസ് 6 പ്രാബല്യത്തില്‍ വരുന്നതിന് മുമ്പാണ് രണ്ട് മോഡലുകളും ഇന്ത്യന്‍ വിപണിയിൽ നിന്നും പുറത്തു പോകുന്നത്.
96.30 ലക്ഷം രൂപയായിരുന്നു ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ പ്രാഡോയുടെ ഡെല്‍ഹി എക്സ് ഷോറൂം വില . വിഎക്സ് എല്‍ എന്ന ട്രിമ്മില്‍ മാത്രമാണ് ലഭിച്ചിരുന്നത്.
3.0 ലിറ്റര്‍, ഇന്‍-ലൈന്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്ജിന് ഉപയോഗിച്ചു. ഈ മോട്ടോര്‍ 171 ബിഎച്ച്പി കരുത്തും 410 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിച്ചത്. 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് എന്‍ജിനുമായി ഘടിപ്പിച്ചു.
ടൊയോട്ട ലാന്‍ഡ് ക്രൂസറിന് ഡെല്‍ഹി എക്സ് ഷോറൂം വില 1.46 കോടി രൂപയായിരുന്നു. എല്‍സി 200 വിഎക്സ് എന്ന ട്രിമ്മില്‍ മാത്രമാണ് ലഭിച്ചിരുന്നത്.
262 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 4.4 ലിറ്റര്‍ വി8 ഡീസല്‍ എന്ജിന് കരുത്തേകിയിരുന്നു. ഓള് വീല്‍ ഡ്രൈവ് സിസ്റ്റം സ്റ്റാന്‍ഡേഡായി നല്കി. എന്‍ജിനുമായി 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ചേര്‍ത്തുവെച്ചു.
രണ്ട് വാഹനങ്ങളും പൂര്‍ണമായി നിര്‍മിച്ചശേഷം ഇറക്കുമതി ചെയ്യുകയായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയില്‍ രണ്ട് മോഡലുകളുടെയും വില്‍പ്പന വളരെ കുറവായിരുന്നു.
24 യൂണിറ്റ് ലാന്‍ഡ് ക്രൂസര്‍ മാത്രമാണ് 2019 അവസാന പാദത്തില്‍ വിറ്റുപോയത്. ഡിസംബറില്‍ ഒരു യൂണിറ്റ് മാത്രം. അതേസമയം, 2019 സെപ്റ്റംബര്‍ മുതല്‍ ഒരു യൂണിറ്റ് പ്രാഡോ പോലും വിറ്റുപോയില്ല.






