
തിരുവനന്തപുരം: ജനസംഖ്യാ കണക്കെടുപ്പില്‍ (സെന്‍സസ്) ദേശീയ ജനസംഖ്യാ രജിസ്റ്ററിനായുള്ള (എന്‍.പി.ആര്) ചോദ്യങ്ങള്‍ ഒഴിവാക്കുമെന്നു സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പന്ത് കേന്ദ്രത്തിന്റെ കളത്തില്‍ത്തന്നെ. സെന്‍സസുമായി ബന്ധപ്പെട്ട്, വിവരശേഖരണം ഉള്‍പ്പെടെ ഒരു നടപടിയിലും സംസ്ഥാനസര്‍ക്കാരിന് ഇടപെടാനാകില്ല. എന്‍.പി.ആറും പൗര രജിസ്റ്ററുമായി (എന്‍.സി.ആര്) സഹകരിക്കില്ലെന്നു സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചെങ്കിലും അന്തിമതീരുമാനം കേന്ദ്രത്തിന്റേതാകും.
പത്തുവര്ഷത്തിലൊരിക്കല് നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അധികാരമില്ല. ഇക്കാര്യത്തില്‍ വ്യക്തമായ ബോധ്യമുള്ളതുകൊണ്ടുതന്നെ സെന്‍സസ് സംബന്ധിച്ച ഏതെങ്കിലും ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികതീരുമാനം എടുത്തിട്ടില്ല. മാതാപിതാക്കളുടെ ജനനത്തീയതി, ജനനസ്ഥലം തുടങ്ങിയ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കേണ്ടതില്ലെന്ന നിര്‍ദേശം മാത്രമാണു സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കുന്നത്. തീരുമാനം ജനങ്ങളുടേതാണ്.
മറുപടി നിര്‍ബന്ധമല്ലെന്നു കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയംതന്നെ വ്യക്തമാക്കിയ ചോദ്യങ്ങളാണു സംസ്ഥാനസര്‍ക്കാര്‍ വിവാദമാക്കുന്നത്. നൂറ്റാണ്ട് പഴക്കമുള്ള സെന്‍സസ് നിയമത്തിന്റെ അടിസ്ഥാനത്തിലാണു രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ്. ജനസംഖ്യാ രജിസ്റ്ററാകട്ടെ പൗരത്വനിയമത്തിന്റെ അടിസ്ഥാനത്തിലും. ജനസംഖ്യാകണക്കെടുപ്പില്‍ രക്ഷിതാക്കളെ സംബന്ധിച്ച വിശദവിവരങ്ങള്‍ മുമ്പു ചോദിച്ചിരുന്നില്ല. ഇപ്പോഴത്തെ സെന്‍സസില്‍ അത് ഉള്‍പ്പെടുത്തിയത്, പൗര രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവുമായി (സി.എ.എ) ബന്ധപ്പെട്ട് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുവെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ വാദം.
സെന്‍സസില്‍ ജനം നല്കാന് തയാറാകുന്ന വിവരങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താറുള്ളൂ. ആര്‍ക്കും എന്തുവിവരം നല്‍കാനും നല്കാതിരിക്കാനും അവകാശമുണ്ട്. എന്‍.പി.ആറിലേക്കു നയിക്കുന്ന ചില ചോദ്യങ്ങളാണു സെന്‍സസില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതെന്നു സംസ്ഥാനസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 2003 മുതലാണ് എന്‍.പി.ആറും സെന്‍സസും തമ്മില്‍ ബന്ധിപ്പിച്ചത്. കേന്ദ്രനിയമങ്ങളുടെ പട്ടികയിലുള്ള നടപടിയോടു സംസ്ഥാനസര്‍ക്കാരിനു നിസ്സഹകരിക്കാന്‍ കഴിയുമോയെന്നതും ചോദ്യചിഹ്നമാണ്.
സംസ്ഥാനസര്‍ക്കാര്‍ വിമുഖതയറിയിച്ചെങ്കിലും, അന്തിമതീരുമാനം കേന്ദ്ര രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മിഷണറുടേതാകും. സെന്‍സസ് എന്യൂമറേറ്റര്‍മാരെയും സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് ആശയക്കുഴപ്പത്തിലാക്കും. ''വിവാദചോദ്യങ്ങള്‍'' ചോദിക്കാമോ?, ചോദിച്ചാല്‍ സംഘര്‍ഷമുണ്ടാകുമോ? നല്കാന് തയാറുള്ളവരുടെ മറുപടി രേഖപ്പെടുത്താമോ? എന്നീ പ്രശ്നങ്ങളാണ് എന്യൂമറേറ്റര്‍മാരെ കാത്തിരിക്കുന്നത്.






