
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ഇപ്പോൾ ജയിലിൽ നല്ല 'ജോളി'. വനിതാ സെല്ലില്‍ ആരോടും മിണ്ടാതെയും പറയാതെയും വിഷാദിയായി കാണപ്പെട്ട നിലയില്‍ നിന്നും ജോളി ഏറെ മാറിയെന്ന് ജയില്‍ അധികൃതര്‍. രണ്ട് കേസുകളിൽ കൂടി കുറ്റപത്രം സമർപ്പിക്കുകയും പഴുതടഞ്ഞ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും ഒരു വേവലാതിയും കാട്ടാതെ ചിരിയും കളിയും.
കോഴിക്കോട് ജില്ലാ ജയിലിലെ ആദ്യത്തെ സെല്ലില്‍ ആറു പേര്‍ക്കൊപ്പമാണ് ജോളി കഴിയുന്നത്. മൊത്തം ആറ് സെല്ലുകളുള്ള ജയിലില്‍ പത്ത വനിതാ തടവുകാര്‍ മാത്രമാണുള്ളത്. ഇവരെ രണ്ട് സെല്ലുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. സഹതടവുകാരികളുമായി ഇടപഴകി സംസാരിക്കുക, തമാശ പറയുക, പൊട്ടിച്ചിരിക്കുക എന്നിവയെല്ലാം ജോളി ചെയ്യുന്നുണ്ട്. ജയിലിൽ എത്തിയ നാളുകളിൽ ആത്മഹത്യാ പ്രവണത കണ്ടതിനെതുടർന്നാണ് കൂടുതൽ പേരുള്ള സെല്ലിലേക്ക് മാറ്റിയത്. തടവുകാരില്‍ പരീക്ഷിച്ച ശാസ്ത്രീയ സമീപനമാണ് ജോളിയിലും മാറ്റം ഉണ്ടാക്കിയത്.
രാവിലെ ആറ് മണിക്ക് വനിതാ വാർഡന്മാരുടെ യോഗ പരിശീലനവും കൗണ്‍സിലിംഗും. ഓരോരോ മതത്തില്‍ പെട്ടവര്‍ക്ക് അത് അനുസരിച്ചുള്ള കൗൺസലിംഗാണ് നടത്തുന്നത്. തടവുകാരിൽ ഇത് കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാറുണ്ടെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ജയിലിൽ തൊഴിൽ പരിശീലനത്തിന് സംവിധാനം ഉണ്ടെങ്കിലും ജോളിക്ക് പരിശീലനം നൽകാൻ തുടങ്ങിയില്ലെന്നാണ് സൂചന. താമസിയാതെ തൊഴിൽ പരിശീലനവും നൽകിയേക്കും. ജയിലിൽ കഴിയുന്ന വനിതാ തടവുകാരിൽ ഭൂരിപക്ഷവും സാഹചര്യങ്ങൾ കാരണമാണ് കുറ്റവാളിയാവുന്നത്.
ജയിലില്‍ കടുത്ത മാനസിക സമ്മർദ്ദത്തിലാവും അവർ. അത് കുറയ്ക്കാൻ വേണ്ടിയാണ് യോഗയും കൗണ്‍സിലിംഗും അടക്കം പരീക്ഷിക്കുന്നത്. ജോളിക്കെതിരെ രണ്ടു കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒരു കേസില്‍ 250 സാക്ഷികളും രണ്ടാമത്തെ കേസില്‍ 150 സാക്ഷികളും ഉണ്ട്.






