
മലപ്പുറം: മലപ്പുറത്തെ ആരോഗ്യപ്രവര്‍ത്തകരും ഒടുവില്‍ ലക്ഷ്യം കണ്ടു. മൂന്ന് ദിവസെ കൊണ്ട് നിരവധി വീടുകളാണ് ഇവര്‍ കയറി ഇറങ്ങിയത്. 450415 അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 4,08,360 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്നുകള്‍ നല്‍കാനായി. ജില്ലയില്‍ ഇതുവരെ 91 ശതമാനം കുട്ടികള്‍ക്ക് മരുന്ന് നല്‍കിക്കഴിഞ്ഞെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
19-ന് പോളിയോദിനത്തില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് മരുന്ന് വിതരണം ചെയ്തിരുന്നെങ്കിലും 50 മുതല്‍ 55 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് അന്ന് മരുന്നുനല്‍കാന്‍ കഴിഞ്ഞത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. പിന്നീട് 20-നും 21-നും നടന്ന വീട് സന്ദര്‍ശനത്തിലൂടെ 1,52,636 കുട്ടികള്‍ക്കുകൂടി മരുന്നു നല്കി. ബുധനാഴ്ചകൂടി വിതരണം തുടര്‍ന്നതോടെയാണ് 91 ശതമാനത്തിലേക്ക് എത്തിയത്. വ്യാഴാഴ്ചയും ജില്ലയില്‍ മരുന്നിന്റെ വിതരണം നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.
ജീവനക്കാര്‍ എത്താത്ത വീടുകളില്‍നിന്ന് ജനങ്ങള്‍തന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് എത്താന്‍ ആവശ്യപ്പെടുന്നുണ്ട്. കുട്ടികളുടെ എണ്ണം കൂടുതലുള്ളതുകൊണ്ടാണ് രണ്ടുദിവസംകൂടി അധികം അനുവദിച്ചതെന്നും അവര്‍ പറഞ്ഞു.






