
ബംഗളൂരു: കന്നഡ ചലച്ചിത്ര നടി കൃഷി താപ്പണ്ടയുടെ ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് (33) എന്ന യുവാവിനെയാണ് രാജരാജേശ്വരി നഗറിലെ (ആർആർ നഗർ) എലഗന്റ്‌സ് അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ ആർ.ആർ നഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാത്രിയാണ് വൈശാഖ് നടിയുടെ ഫ്ലാറ്റിലെത്തിയത്. ഈ സമയത്ത് അവർ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് വൈശാഖ് മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെ ഫ്ലാറ്റിലെ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആർആർ നഗർ പൊലീസ് പ്രാഥമിക പരിശോധനകൾ നടത്തുകയും ഫോറൻസിക് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
മരിച്ച വൈശാഖിന് വിവാദപരമായ ചില മുൻകാല പശ്ചാത്തലങ്ങൾ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഭാര്യയുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെയും കുടുംബവഴക്കിനെയും തുടർന്ന് ഇയാൾ കുറച്ചുകാലമായി നടി കൃഷി താപ്പണ്ടയുടെ ഫ്ലാറ്റിൽ താമസിക്കുകയോ അല്ലെങ്കിൽ ഇവിടെ സ്ഥിരമായി വന്നുപോകുകയോ ചെയ്തിരുന്നു. ഇതിനുപുറമെ വൈശാഖിന്റെ പേരിലുള്ള പഴയ ക്രിമിനൽ കേസുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രമുഖ വ്യവസായിയായ അരവിന്ദ് റെഡ്ഡിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ വൈശാഖ് മുൻപ് അറസ്റ്റിലായിട്ടുണ്ട്. ബംഗളൂരുവിലെ എച്ച്എഎൽ പൊലീസ് സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സിനിമയുമായി ബന്ധമുള്ള ആളുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കന്നഡ സിനിമാ മേഖലയിലും പൊതുജനങ്ങൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. കേസിൽ നടി കൃഷി താപണ്ഡയെയും വൈശാഖിന്റെ കുടുംബാംഗങ്ങളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. കേസ് പ്രാഥമിക ഘട്ടത്തിലായതിനാൽ വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ സഹായത്തിനായി ബന്ധപ്പെടുക - കേരള സർക്കാർ ദിശ ഹെൽപ്പ്‌ലൈൻ: 1056)






