
കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലും ചെന്നൈയിലുള്ള വീട്ടിലും സിബിഐ റെയ്ഡ്. ഹൈദരാബാദിലെ വ്യവസായിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ പ്രതിയാക്കിയ ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍ നിന്ന് സിബിഐ ഓഫീസര്‍ ആണെന്ന വ്യാജേന രണ്ടു പേര് പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. ഹൈദരാബാദ് സ്വദേശിയായ മണിവര്‍ണ റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജന്‍ എന്നിവരാണ് പണം തട്ടാന്‍ ശ്രമം നടത്തിയത്. സാംബശിവ റാവുവിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന വ്യാജേന മണിവര്‍ണ റെഡ്ഡിയും സെല്‍വം രാമരാജനും സാംബശിവ റാവുവിനെ സമീപിക്കുകയായിരുന്നു.
കേസിലെ രണ്ടു പ്രതികളുമായി ലീന മരിയ പോളിനും ഭര്‍ത്താവിനും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ റെയ്ഡ് നടന്നത്. തുടരന്വേഷണത്തിന് ശേഷമായിരിക്കും കൂടുതല്‍ നടപടികളെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ സമാനമായ ബാങ്ക് തട്ടിപ്പ് കേസില്‍ ലീന മരിയ പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.






