
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടെക്സാസ് സ്വദേശിയായ ജെറാര്‍ഡോ കടുത്ത തലവേദന അനുഭവിക്കുന്നു. മൈഗ്രേയ്ന് ആകാം എന്ന നിഗമനത്തില്‍ വേദനയ്ക്കുള്ള മരുന്ന് കഴിച്ച് വിശ്രമം എടുക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഈയടുത്തായി അസഹനീയമായ തരത്തില്‍ തലവേദന കൂടിവന്നു. തലയ്ക്കുള്ളില്‍ എന്തോ കുത്തിത്തുളഞ്ഞ് കയറുന്നത് പോലുള്ള വേദനയും അതിനൊപ്പം ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെടാന്‍ തുടങ്ങി.
തലവേദന കാരണം ജോലി പോലും ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് ഇദ്ദേഹം ആശുപത്രിയിലേക്ക് പോയത്. ആദ്യഘട്ടത്തില്‍ മൈഗ്രെയ്ന് ആയിരിക്കാം എന്ന നിഗമനത്തിലായിരുന്നു ഡോക്ടര്‍മാരും. എന്നാല്‍ വിശദപരിശോധനയില്‍ സംഗതി മൈഗ്രേയ്ന് അല്ലെന്ന് കണ്ടെത്തി. പിന്നീട് തലച്ചോര്‍ സ്കാന്‍ ചെയ്തു നോക്കി. അപ്പോഴാണ് തലയ്ക്കകത്ത് എന്തോ വളര്‍ച്ചയുള്ളതായി ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചത്. ട്യൂമര്‍ ആയിരിക്കുമെന്നാണ് 90 ശതമാനവും അവര്‍ ഉറപ്പിച്ചത്. എന്നാല്‍ ഡോക്ടര്‍മാരുടെ ആ നിഗമനവും തെറ്റിക്കുന്നതായിരുന്നു. ഒരു തരത്തിലുള്ള പരാദമായ, വിരയായിരുന്നു ജെറാര്ഡോയെ പ്രശ്നത്തിലാക്കിയിരുന്നത്.
ആവശ്യത്തിന് പാകം ചെയ്യാതെ കഴിച്ച മാംസത്തില്‍ നിന്ന് എപ്പോഴോ ശരീരത്തിലെത്തിയ വിരയായിരുന്നു ഇത്. തീരെ ചെറുതായിരിക്കുമ്പോള്‍ തലയിലെത്തിയതാകാം. പിന്നീട് വര്‍ഷങ്ങളുടെ സമയമെടുത്ത് ഇത് പതിയെ വളര്‍ന്നതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാധാരണഗതിയില്‍ ശരീരത്തില്‍ കയറിക്കൂടുന്ന വിരകള്‍ ഇത്രയും വലിപ്പമാകാറില്ലെന്നും ജെറാര്‍ഡോയുടെ കേസ് ഒരപൂര്‍വ്വ സംഭവമാണെന്നും ഇവര്‍ പറയുന്നു. തലച്ചോറില്‍ വിര താമസമാക്കിയതോടെ രോഗി മരിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നുവെന്നും അദ്ദേഹം രക്ഷപ്പെട്ടത് അത്ഭുതമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.






