
ഇന്ത്യയില്‍ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്ജിന് നിര്‍മിക്കുന്നത് ഫിയറ്റ് അവസാനിപ്പിച്ചതായി റിപ്പോർട്ട്. ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഫിയറ്റിന്റെ 1.3 ലിറ്റര്‍, 4 സിലിണ്ടര്‍, മള്‍ട്ടിജെറ്റ് എന്ജിന് നിർത്തലാക്കുമെന്ന് സൂചന നേരത്തെ ഉണ്ടായിരുന്നു. ഇതുവരെ 8,00,050 യൂണിറ്റ് 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് ഫിയറ്റ് നിര്‍മിച്ചത്.
അവസാന യൂണിറ്റ് ഈ മാസം 23 ന് പുറത്തിറക്കി. ബിഎസ് 6 പാലിക്കുംവിധം പരിഷ്കരിക്കുന്നതിന് വലിയ ചെലവ് വരുമെന്നതിനാൽ എന്ജിന് കയ്യൊഴിയുമെന്ന് 2017 സെപ്റ്റംബറില്‍ ഫിയറ്റ് പ്രഖ്യാപിച്ചിരുന്നു.
എഫ്സിഎ ഇന്ത്യ ഓട്ടോമൊബീല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ബിഎസ് 4 പാലിക്കുന്ന 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിന്റെ അവസാന യൂണിറ്റ് നിര്‍മിച്ചതായി ഫിയറ്റ് വക്താവ് പ്രസ്താവിച്ചു.
അടുത്ത പത്ത് വര്‍ഷത്തേക്ക് എല്ലാ എഫ്സിഎ അംഗീകൃത വര്‍ക്ക്ഷോപ്പുകളിലും സ്പെയര്‍ പാര്‍ട്ടുകള്‍ ലഭ്യമായിരിക്കുമെന്ന് വക്താവ് അറിയിച്ചു. ഈ ടര്‍ബോ-ഡീസല്‍ എന്‍ജിനാണ് വര്‍ഷങ്ങളായി ഇന്ത്യയിലെ നിരവധി ജനപ്രിയ വാഹനങ്ങള്‍ക്ക് കരുത്തേകുന്നത്.
1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എന്ജിന് ഉപയോഗിച്ചതിലൂടെയാണ് മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ് പോലുള്ള കാര്‍ നിര്‍മാതാക്കള്‍ക്ക് ഡീസല്‍ കാര്‍ വിപണിയില്‍ തിളങ്ങിയത്. ടാറ്റ മോട്ടോഴ്സിന്റെ ഇന്‍ഡിഗോ ഇസിഎസ്, ഇന്‍ഡിഗോ മാന്‍സ, ഇന്‍ഡിക്ക വിസ്റ്റ തുടങ്ങിയ കാറുകള്‍ക്കും 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എന്ജിന് കരുത്തേകി.
ഫിയറ്റ് പുന്തോ, ലീനിയ എന്നിവ കൂടാതെ സ്വിഫ്റ്റ്, ഡിസയര്‍, ഇഗ്നിസ്, ബലേനോ, പ്രീ-ഫേസ്ലിഫ്റ്റ് സിയാസ്, മുന്‍ തലമുറ എര്‍ട്ടിഗ, ഉല്‍പ്പാദനം അവസാനിപ്പിച്ച റിറ്റ്സ് എന്നീ മോഡലുകള്‍ ഈ മോട്ടോര്‍ ഉപയോഗിച്ചിരുന്നു.






