
ആനന്ദം ഫെയിം അരുണ്‍ കുര്യന്റേയും തരംഗം എന്ന ചിത്രത്തിലൂടെയും മലയാളികളുടെ പ്രിയ താരമായി മാറിയ ശാന്തി ബാലചന്ദ്രന്റേയും സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. നടന് വിനയ് ഫോര്‍ട്ടാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പ്രിയപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നും വിനയ് ഫോര്‍ട്ട് ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്.
അരുണും ശാന്തിയും വിവാഹിതരാകുകയാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ഇരുവരും ഒന്നിച്ചഭിനയിച്ചിരിക്കുന്ന 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി ഫെബ്രുവരി 21 ആണ് സേവ് ദ ഡേറ്റായി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സേവ് ദ ഡേറ്റ് എന്ന ഹാഷ് ടാഗില്‍ പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് താഴെ നിരവധി ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
ശ്രിന്ദ, അനുമോള്‍, സൈജു കുറുപ്പ്, അലന്‍സിയര്‍, ടിനി ടോം തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോമോന് തോമസ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്.






