
ചെന്നൈ: നടന് വിജയ്യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 24 മണിക്കൂര്‍ പിന്നിടുന്നു. വിജയ്യുടേയും ഭാര്യയുടേയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ച രേഖകളാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പരിശോധിക്കുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വിജയ്യുടെ ഭാര്യ സംഗീതയേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. എട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുള്ളതെന്നാണ് സൂചന.
ചെന്നൈ നീലാങ്കരൈയില്‍ ഭൂമി വാങ്ങിയതും പൂനമല്ലിയില്‍ കല്യാണ മണ്ഡപം പണിഞ്ഞതും സംബന്ധിച്ചുള്ള കണക്കുകളും രേഖകളുമാണ് ഐടി വകുപ്പ് ഇപ്പോള്‍ പരിശോധിക്കുന്നത്. 'ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ചില രേഖകള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്' എന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം ബിഗില്‍ സിനിമയുടെ നിര്‍മ്മാതാവും എജിഎസ് സിനിമാസിന്റെ ഉടമയുമായ അന്‍പുച്ചെഴിയന്റെ വസതിയില്‍ നിന്നും 65 കോടി രൂപ കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് അറിയിക്കുന്നത്. ചെന്നൈയിലെ വിസതിയില് നിന്ന് 50 കോടി രൂപയും മധുരയിലെ വസതിയില്‍ നിന്ന് 15 കോടി രൂപയും കണ്ടെടുത്തു എന്നാണ് വിവരം. ഇന്നലെ മുതല്‍ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് 20 ഇടങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുകയാണ്.
സംയമനം പാലിക്കണമെന്നാണ് ആരാധകരോട് വിജയ് ഫാന്‍സ് അസോസിയേഷന്റെ നിര്‍ദേശം. ബിജെപി അനുകൂല നിലപാടുകളുടെ പേരില്‍ രജനികാന്തിനെ ആദായ നികുതി വകുപ്പ് സംരക്ഷിക്കുന്നുവെന്നും ഇളയ ദളപതിയെ വേട്ടയാടുന്നുവെന്നും ആരോപിച്ചാണ് ആരാധകരുടെ ക്യാമ്പയിന്.






