
ചെന്നൈ: തമിഴ് സിനമാ നിര്‍മ്മാതാവും പണമിടപാടുകാരനുമായ ജി.എന്‍ അന്‍പു ചെഴിയന്റെ സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്തത് 65 കോടി രൂപ. തമിഴ്നാട്ടിലെ 38 കേന്ദ്രങ്ങളിലായി നടന്ന പരിശോധനയിലാണ് ആദായ നികുതി വകുപ്പ് ഇത്രയും പണം കണ്ടെത്തി പിടികൂടിയത്. ഇരുപതോളം ബാഗുകളിലാണ് പണം സൂക്ഷിച്ചിരുന്നത്.
അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകെട്ടുകള്‍ നിരനിരയായി അടുക്കിവച്ചിരിക്കുന്ന ബാഗുകള്‍ക്ക് വലിയ ഭാരവുമുണ്ടായിരുന്നു. ഏകദേശം 65 കോടിയോളം രൂപയാണ് അന്‍പു ചെഴിയന്‍ പലയിടങ്ങളിലായി സൂക്ഷിച്ചിരുന്നതായാണ് ആദായ നികുതി വകുപ്പ് പുറത്ത് വടുന്ന വിവരങ്ങള്‍. പരിശോധനകള്‍ ഇനിയും തുടരുമെന്നും സൂചനയുണ്ട്.
ഗോപുരം ഫിലിംസിന്റെ മേധാവിയും തമിഴ് സിനിമാ നിര്‍മ്മാണ രംഗത്തെ പ്രമുഖനുമാണ് ജി.എന്‍ അന്‍പു ചെഴിയന്‍. സിനിമാ നിര്‍മ്മാണത്തിന് കോടികള്‍ വായ്പ നല്കുന്ന അന്‍പു ചെഴിയനാണ് പല നിര്‍മ്മാതാക്കളുടേയും ആശ്രയം. ചിലരെല്ലാം ഇയാളുടെ ഭീഷണിക്കും ക്രൂരതയ്ക്കും ഇരയായിട്ടുണ്ട്.
മധുര സ്വദേശിയായ അന്‍പു ചെഴിയന്‍ ഒരു നിര്‍മ്മാതാവിന്റെ പരാതിയില്‍ 2011ല്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. എന്നാല്‍ ഈ കേസില്‍ പിന്നീട് ഇദ്ദേഹത്തെ വെറുതെ വിട്ടു. പ്രമുഖ തമിഴ് നിര്‍മ്മാതാവായ അശോക് കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും അരോപണങ്ങള്‍ ഉയര്‍ന്നു. അന്‍പു ചെഴിയന്റെ നിരന്തര പീഡനവും ഉപദ്രവവും കാരണമാണ് അശോക് കുമാര്‍ ജീവനൊടുക്കിയതെന്നാണ് ആരോപണം.






