
വി.എം വിനുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ കുടുംബ ചിത്രമായിരുന്നു 'ബാലേട്ടന്'. ടിഎ ഷാഹിദ് ആദ്യമായി രചന നിര്‍വഹിച്ച ഈ ചിത്രം മോഹന്‍ലാലിന്റെ ഏറ്റവും വലിയ കുടുംബ ചിത്രങ്ങളില്‍ ഒന്നായിരുന്നു. തിയേറ്ററുകളില്‍ നിറഞ്ഞോടിയ ഈ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് മോഹന്‍ലാല്‍ അല്ലായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന് വി.എം വിനു. ചിത്രത്തിന്റെ തിരക്കഥയെഴുതുമ്പോല്‍ നായകനായി ആദ്യം മനസില്‍ കണ്ടിരുന്നത് മറ്റൊരു നടനേയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.
'' കണ്മഷിക്കു ശേഷം അടുത്ത ചിത്രത്തെ കുറിച്ചുള്ള ആലോചനയില്‍ ഇരിക്കുമ്പോഴാണ് ഷാഹിദ് ഒരു കഥ പറയാന്‍ എന്നെ കാണാനെത്തുന്നത്. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ ഷാഹിദ് എന്നോട് പറഞ്ഞു. കേട്ടപ്പോള്‍ തന്നെ ഹൃദയസ്പര്‍ശിയായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഞാനതില്‍ കണ്ടു. കഥ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കാനുള്ള ശ്രമമായിരുന്നു. തുടര്‍ന്ന് രണ്ട് മാസം കൊണ്ട് തിരക്കഥ പൂര്‍ത്തിയായി. ചിത്രത്തിന് ബാലേട്ടനെന്ന് പേരുമിട്ടു.
ഈ തിരക്കഥയില്‍ ആരെയാണ് നടനായി മനസില്‍ കാണുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോല്‍ 'ജയറാമായാല്‍ കലക്കില്ലേ' എന്നാണ് ഷാഹിദ് ചോദിച്ചത്. എന്നാല്‍ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് കടന്നു വന്ന നടന്റെ മുഖം മോഹന്‍ലാലിന്റേതായിരുന്നു. മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് നമ്മള് കാണാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമായിരുന്നു അത്. ജയറാമാണെങ്കില്‍ അത്തരം നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുമുണ്ട്. കഥ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ നമുക്കിത് ഉടന്‍ തന്നെ ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്.'' - പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വി.എം വിനു പറയുന്നു.






