
മധുര : വിനോസഞ്ചാര കേന്ദ്രമായ കൊടൈക്കനാലില്‍ രഹസ്യമായി നടത്തിയ റേവ് പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. കൊടൈക്കനാലില്‍ കുണ്ടുപട്ടി എന്ന സ്ഥലത്ത് ഫാം ഹൗസില്‍ വെച്ച് നടന്ന പാര്‍ട്ടിയിലാണ് പോലീസ് റെയ്ഡ് നടത്തിയത്. മദ്യവും, കഞ്ചാവും, ലഹരി ഗുളികകളും, മാജിക് മഷ്റൂം എന്നിവ പോലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തു. സംഭവത്തില്‍ ഫാം ഹൗസ് ഉടമ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിണ്ടിഗല്‍ സ്വദേശിയായ തരുണ്‍ കുമാറായിരുന്നു ഈ പാര്‍ട്ടിയുടെ മുഖ്യ സംഘാടകന്‍. ഇയാള്‍ വാട്സാപ്പ് വഴിയാണ് യുവാക്കളെ ഈ പാര്‍ട്ടിക് വേണ്ടി സംഘടിപ്പിച്ചത്. പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ സ്ത്രീകളടക്കം ഏകദേശം 200 ല്‍ അധികം പേര് ലഹരി ഉപയോഗിച്ച് പാര്‍ട്ടിയില്‍ ആഘോഷ തിമിര്‍പ്പിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മലയാളികളും മറ്റ് അന്യസംസ്ഥാനക്കാരും ഉണ്ടായിരുന്നതായും വിവരം ഉണ്ട്.
പോലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് ഫാം ഹൗസില്‍ പരിശോധന നടത്തിയത്. ഡിഎസ്പി കാര്ത്തികേയന്, നാല് ഇന്‍സ്പെക്ടര്‍മാര്‍, നൂറോളം പോലീസുകാര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് ഉണ്ടായിരുന്നു. പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന എല്ലാവരെയും പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ഇവര്‍ക്ക് താക്കീയത് നല്കി വിട്ടയക്കുകയായിരുന്നു. അതേസമയം അറസ്റ്റിലായ മൂന്ന് പേരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ക്ക് എങ്ങനെ ഇത്രയും മദ്യവും മയക്കുമരുന്നും ലഭിച്ചെതെന്ന് പ്രധാനമായും അന്വേഷിക്കും.






