
കൊച്ചി: നടി ലീന മരിയ പോള്‍ വീണ്ടും വിവാദത്തില്‍. സി.ബി.ഐ ഉദ്യോഗസ്ഥ ചമഞ്ഞ് ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടിക്കെതിരെ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് നല്കി. നടിയുടെ കൊച്ചിയിലെയും ചെന്നൈയിലെയും വീട്ടിലും ബ്യൂട്ടിപാര്‍ലറിലും നടന്ന റെയ്ഡിനിടെ ഒളിവില്‍ പോയ ഇവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും എത്താത്തതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ നടിയുടെ ജീവനക്കാരന് അര്‍ച്ചിതും പ്രതിയാണ്.
സി.ബി.ഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ ഇവര്‍ കോടികള്‍ ആവശ്യപ്പെട്ടു. ഇതിനായി സി.ബി.ഐയുടെ ഡല്‍ഹി ഓഫീസ് നമ്പര്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികള്‍ ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ സി.ബി.ഐയ്ക്ക് തെളിവായി ലഭിച്ചിരുന്നു. ഓഫീസ് നമ്പര്‍ സ്പൂഫ് ചെയ്തത് അര്‍ച്ചിതാണെന്നും കണ്ടെത്തിയിരുന്നു.
സാംബശിവ റാവുവിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതിന് ഹൈദരാബാദ് സ്വദേശി മണിവര്ണ്ണന് റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജ്, അര്‍ച്ചിത് എന്നിവരെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലീന മരിയയുടെ പങ്ക് വ്യക്തമായത്. ലീനയും അര്‍ച്ചിതും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് മറ്റ് പ്രതികള്‍ സി.ബി.ഐയ്ക്ക് മൊഴി നല്കി.
സമാനമായ പണം തട്ടിപ്പ് കേസുകളിലും നേരത്തെ മുംബൈയില്‍ ലീനയും ഭര്‍ത്താവ് സുകേശ് ചന്ദ്രശേഖരനും അറസ്റ്റിലായിട്ടുണ്ട്. കൊച്ചിയിലെ ലീനയുടെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പ് കേസില്‍ അധോലോക നായകന് രവി പൂജാരിയുടെ സംഘത്തില്‍പെട്ടവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.




