
സിനിമയിലെ നായകന്മാര് മാത്രമല്ല ഓരോ അഭിനേതാക്കളുടെയും കരുത്തുറ്റ പ്രകടനമാണ് അയ്യപ്പനും കോശിയും എന്ന സിനിമയെ വേറിട്ടുനിര്‍ത്തുന്നത്. അതിലൊരു കഥാപാത്രമാണ് അയ്യപ്പന്റെ ഡ്രൈവറായ കുമാരന്. സിനിമ കഴിഞ്ഞാലും അയ്യപ്പനും കോശിക്കുമൊപ്പം കുമാരനും നിങ്ങളുടെ കൂടെ കൂടും.
ഉപ്പും മുളകും എന്ന സീരിയലില്‍ ബാലുവിന്റെ അച്ഛനായി അഭിനയിച്ച കോട്ടയം രമേശ് ആണ് ആ കുമാരേട്ടന്. ഒരു സുപ്രഭാതത്തില്‍ അഭിനയത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ച ആളല്ല അദ്ദേഹം, പതിറ്റാണ്ടുകള്‍ നാടകത്തിനൊപ്പം ജീവിച്ച വ്യക്തിയാണ്. മഹാപ്രതിഭകളായ തിലകന്, എന്‍.എന്‍. പിള്ള, ജഗതി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിന് കരുത്തായുണ്ട്.
കോട്ടയം രമേശനെ കുറിച്ച് വിപിന്‍ നാഥ് എന്ന പ്രേക്ഷന് എഴുതിയ കുറിപ്പ് ഇങ്ങനെ,
'ഒന്നു പകച്ചു പോയാല്‍ പിന്നെ മനുഷ്യനെ പത്ത് പൈസക്ക് കൊള്ളത്തില്ല.
ഡ്രൈവര്‍ കുമാരേട്ടന് അല്ല കുമാരന് എന്ന സാരഥിയുടെ ഉപേദേശമാണിത്.. അതിലുപരി സൂചനയുമാണ്.. കുമാരനെ പോലെ ആത്മാര്‍ത്ഥതയും കൂറുമുള്ള തൊഴിലാളികള്‍ വെള്ളിത്തിരയില്‍ തന്നെ വിരളമാണ്..
ചിത്രത്തില്‍ കുമാരനെ കാണിക്കുമ്പോഴൊക്ക എന്തോ മഹാനടന് തിലകനെ ഓര്‍ത്തു പോയി.. ശബ്ദത്തിലുള്ള സാമ്യത, ചില ചേഷ്ടകള്‍,ശരീരഭാഷാ അങ്ങനെ എല്ലാം കൊണ്ടും.. ഇത് ആദ്യമായല്ല. വൈറസ് എന്ന സിനിമയില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആയി വന്നപ്പോഴും ഇതേ അവസ്ഥയായിരുന്നു.. ഇനി തിലകന് സാറിന്റെ അനിയനും മറ്റുമാണോ?? ചോദ്യങ്ങള്‍ അതിന്റെ ഉത്തരം കണ്ടെത്തി..
തിരുവനന്തപുരം സൗപര്‍ണിക, അക്ഷരകല, അശ്വതി, കോട്ടയം നാഷനല്‍, പാലാ കമ്മ്യൂണിക്കേഷന്‍സ്, പൂഞ്ഞാര്‍ നവധാര, അരീന കൊല്ലം, എന്‍. എന്‍ പിള്ളയുടെ വിശ്വകേരള കലാസമിതി, തൃശൂര്‍ കലാനിലയം എന്നീ പ്രസിദ്ധ സമിതികളിലൂടെ അഹോരാത്രം തട്ടിനെ കര്‍മമേഖലയാക്കി നാടകരംഗത്തെ മികച്ചനടനായി തീര്‍ന്ന കോട്ടയം രമേശ് എന്ന കലാകാരനാണ് അദ്ദേഹം..
ചിലര്‍ക്ക് ഉപ്പും മുളകിലെ മാധവന് തമ്പിയുമാണ്.. കാര്‍ബണ്‍, വാരിക്കുഴിയിലെ കൊലപാതകം, ഉരിയാട്ട്, വൈറസ് എന്നീ സിനിമകളിലും ഭാഗമായ ഈ നടന് ഇനിയുള്ള ചലച്ചിത്രയാത്രയില്‍ മുതല്‍ കൂട്ട് തന്നെയാകും അയ്യപ്പനും കോശിയിലെ ഡ്രൈവര്‍ കുമാരേട്ടന് അല്ല കുമാരന്.. അത്ര മനോഹരമാക്കിയിട്ടുണ്ട്.