Authored by Web Desk | Last updated: 12 Feb 2020, 4:14 PM | 1 min read
''ശരീരസൗന്ദര്യത്തിനും മനഃശാന്തിക്കും രോഗമുക്തിക്കും യോഗയെ ആശ്രയിക്കുന്നൊരു തലമുറയാണ് ഇന്നത്തേത്. മെഡിറ്റേഷന്‍ എന്നതിലുപരി യോഗയെ ഒരു ദിനചര്യയാക്കി മാറ്റാം. അഭിനേത്രിയും ഫിറ്റ്നെസ് എക്സ്പേര്‍ട്ടും ഹോമിയോപ്പതി ഡോക്ടറുമായ ഡോ.ദിവ്യ, കൈകാര്യം ചെയ്യുന്ന പംക്തി''
തല മുതല്‍ പാദം വരെ ശരീരത്തിന്റെ ഓരോ ഭാഗത്തിനും ഗുണകരമായ യോഗാസനമാണ് സര്‍വ്വാംഗാസനം.
ശരീരത്തിന്റെ ഊര്‍ജ പ്രവാഹത്തെ ഉത്തേജിപ്പിക്കുകയും ഉണര്‍വ്വും ഉന്മേഷവും പ്രദാനം ചെയ്യുകയും, സന്ധികളുടേയും പേശികളുടേയും ബലവും ആരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യുന്നതില്‍ ഈ ആസനം വലിയ പങ്കുവഹിക്കുന്നു.
ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലെ പേശികളെ ബലപ്പെടുത്തുകയും അടിവയറിനേയും അനുബന്ധ അവയവങ്ങളേയും ദൃഢമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റിനിര്‍ത്തുകയും ചെയ്യുന്നു.
യോഗാസനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ആസനങ്ങളില്‍ ഒന്നായ സര്‍വ്വാംഗാസനം മുടിയുടെ വളര്‍ച്ചയ്ക്കും തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാനും ഏറെ സഹായിക്കുന്നു.
സംസ്കൃതത്തില്‍ സര്‍വ്വാംഗാസനം എന്നാല്‍ എല്ലാ അംഗ അവയവങ്ങളുടേയും ആസനം എന്നാണ്. ചുരുക്കത്തില്‍ ശരീരത്തിന്റെയും മനസിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ആസനം.
ചെയ്യേണ്ട വിധം
തറയില്‍ മാറ്റ് വിരിച്ച് മലര്‍ന്ന് കിടക്കുക. കൈകാലുകള്‍ അയച്ചിട്ട് സാവകാശം ശ്വാസോഛ്വാസം ശ്രദ്ധിച്ച് ശരീരവും മനസും ഏകാഗ്രതയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുക. ഇത് ഒരു മിനിറ്റ് തുടരുക.
ശേഷം കാലുകള്‍ അടുപ്പിച്ച് മുട്ട് മടക്കുക. മടക്കിയ കാല്‍മുട്ടുകളെ കൈകള്‍ കൊണ്ട് മുറുകെപ്പിടിച്ച് മുന്നോട്ടും പിന്നോട്ടും ശരീരത്തെ ചലിപ്പിക്കുക.
സര്‍വ്വാംഗാസനം ആദ്യമായി ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരത്തില്‍ ചെയ്തശേഷം ആസനത്തിലേക്ക് പോകുന്നതാണ് ഉത്തമം.
കാല്‍മുട്ട് നിവര്‍ത്തി നടുവിന്റെ ഭാഗം മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുക. കാലുകള്‍ 90 ഡിഗ്രിയായിക്കഴിയുമ്പോള് ഇരു കൈകളും കൊണ്ട് നടുവിന്റെ ഭാഗം താങ്ങി നിര്‍ത്തുക. ഈ സമയം ശ്വാസോഛ്വാസത്തിന്റെ ഗതി ശ്രദ്ധിക്കുക.
30 സെക്കന്റ് മുതല്‍ ഒരു മിനിറ്റുവരെ തുടര്‍ന്ന ശേഷം മുട്ടുകള്‍ മടക്കി കാല് താഴേക്ക് കൊണ്ടുവന്ന് പൂര്‍വ്വ സ്ഥിതിയില്‍ എത്താവുന്നതാണ്. കാലുകള്‍ 90 ഡിഗ്രി എത്തുമ്പോള്‍ ശരീരത്തി
ന്റെ ഭാരവും നിയന്ത്രണവും തോളുകളിലേക്ക് വരുന്നതുകൊണ്ട് ഇതിനെ Shoulder Stand എന്നും പറയാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1 ശരിയായ പരിശീലനമില്ലാതെ ഈ ആസനം തനിയെ ചെയ്യാന്‍ ശ്രമിക്കരുത്.
2 രക്താതിസമ്മര്‍ദ്ദമോ ഹൃദയസംബന്ധിയായ പ്രശ്നങ്ങളുള്ളവരോ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരോ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ ചെയ്യാവൂ.
3 ഗര്‍ഭിണികള്‍ സര്‍വ്വാംഗാസനം ഒഴിവാക്കുക.
4 ഒരു പരിശീലകന്റെ മേല്‍നോട്ടത്തില്‍ മാത്രം ചെയ്യേണ്ടതാണ്.
5 ഗ്ലൂക്കോമ, തൈറോയിഡ് പ്രശ്നങ്ങള്‍, നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങള്‍, സ്പോണ്ടിലോസിസ് എന്നിവയുളളവര്‍ ഇത് ഒഴിവാക്കുക.
ഡോ.ദിവ്യ
ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്പെഷ്യാലിറ്റി
ക്ലിനിക്, ഐ.സി.സി.ഐ.ബാങ്ക്
റ്റി.റ്റി.സി.ജംഗ്ഷന്, കവടിയാര്‍, തിരുവനന്തപുരം - 695003