ബംഗളുരു: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ യുവാവ് ഇനി ഡോക്ടര്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശിയായ സുഭാഷ് പാട്ടീലാണ് ഇനി ഡോക്ടര്‍ കുപ്പായം അണിയുന്നത്. 1997ല്‍ എം.ബി.ബി.എസ് പഠനം ആരംഭിച്ച സുഭാഷ് പാട്ടീല്‍ പഠനം തീരുന്നതിന് മുമ്പ് ഒരു കൊലകക്കേസില് ശിക്ഷിക്കപ്പെട്ട് ജയിലിലായി.
14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച പാട്ടീലിനെ നല്ല പെരുമാറ്റത്തിന്റെ പേരില്‍ 2016ല്‍ ജയില്‍ മോചനം അനുവദിച്ചു. ജയിലില്‍ കഴിയുമ്പോഴും എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കണമെന്ന മോഹം മനസില്‍ കൊണ്ടുനടന്ന പാട്ടീല്‍ ജയില്‍ മോചിതനായ ശേഷം പഠനം പുനരാരംഭിച്ചു. തുടര്‍ന്ന് 2019ല്‍ പഠനം പൂര്‍ത്തിയാക്കി.
തുടര്‍ന്ന് ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്ന പാട്ടീല്‍ ഈ വര്‍ഷം ആദ്യം ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കി. ഇന്റേണ്‍ഷിപ്പ് കൂടി പൂര്‍ത്തിയാക്കിയതോടെ പാട്ടീലിന് ഇനി ഡോക്ടറായി പ്രാക്ടീസ് ചെയ്യാം.





