
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ മാസങ്ങളായി പ്രതിഷേധം തുടരുന്ന ഷഹീന്‍ബാഗിലെ നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടുന്ന പ്രതിഷേധക്കാര്‍ അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ച് തുടങ്ങി. കഴിഞ്ഞ രണ്ട് മാസങ്ങളായി സ്ത്രീകളടങ്ങുന്ന സംഘം ഷഹീന്‍ബാഗില്‍ പ്രതിഷേധിച്ചു വരികയാണ്. മാര്‍ച്ച് നടത്താന്‍ പോലീസ് അനുമതി നല്‍കിയിട്ടില്ല. 500 മീറ്റര്‍ അകലെ പ്രതിഷേധ മാര്‍ച്ച് തടയുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സമരക്കാര്‍ ഡിസിപിയുമായി ചര്‍ച്ച നടത്തുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും, അതേസമയം പ്രതിഷേധം തടഞ്ഞാല്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും സമരക്കാര്‍ അറിയിച്ചു.
വലിയ പോലീസ് സംഘമാണ് ഷഹീന്‍ബാഗില്‍ തമ്പടിച്ചിരിക്കുന്നത്. രണ്ട് ബാരിക്കേഡുകള്‍ക്ക് അപ്പുറമാണ് പ്രതിഷേധക്കാരുള്ളത്. അക്രമാകസക്തമായ രീതിയിലേക്ക് പ്രതിഷേധം നീങ്ങില്ലെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്.






