
ന്യൂഡല്‍ഹി : ബജന്‍പുരയില്‍ കുടുംബത്തിലെ അഞ്ച് പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സംഭവത്തില്‍ ബന്ധുവായ പ്രഭു നാഥ് (26) ആണ് അഞ്ച് പേരെയും ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ശംഭു ചൗധരി (43), ഭാര്യ സുനിത (37), മക്കളായ ശിവം (17), സച്ചിന് (14), കോമള്‍ (12) എന്നിവരെയാണു വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു പൊലീസ് എത്തിയപ്പോഴാണു മരണവിവരം പുറത്തറിഞ്ഞത്.
കടം വാങ്ങിയ പണത്തെ ചൊല്ലിയാണ് കൊലപാതകം നടന്നത്. ഒളിവിലായിരുന്ന പ്രതി പ്രഭുനാഥിനെ വടക്കു കിഴക്ക് ഡല്‍ഹിയില്‍ നിന്നാണു പിടികൂടിയത്. ഇരുമ്പു വടി ഉപയോഗിച്ചാണു ശംഭു ചൗധരിയുടെ കുടുംബത്തെ കൊലപ്പെടുത്തിയതെന്നു പ്രതി കുറ്റസമ്മതം നടത്തി. ഫെബ്രുവരി മൂന്നിനു ശേഷം ശംഭുവിന്റെ കുട്ടികള്‍ സ്കൂളില്‍ പോയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതേ ദിവസം ശംഭുവും പ്രതിയും തമ്മില്‍ ഫോണില്‍ ഏഴു തവണ സംസാരിച്ചിരുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതാണു പ്രഭുവിലേക്ക് അന്വേഷണം എത്തിച്ചത്. കൊലകള്‍ക്കു ശേഷം ഇയാള്‍ കോളനിയില്‍ നിന്നു പുറത്തു പോകുന്നത് ഒരു സിസിടിവിയില്‍ പതിയുകയും ചെയ്തിരുന്നു. ശംഭുവിന്റെ കയ്യില്‍ നിന്നും ഇയാള്‍ 30,000 രൂപ നേരത്തെ കടം വാങ്ങിയിരുന്നു.
ശംഭുവിന്റെ വീട്ടില്‍ പ്രഭു എത്തിയപ്പോള്‍ ശംഭുവിന്റെ ഭാര്യ തനിച്ചായിരുന്നു. ഇയാള്‍ കടം വാങ്ങിയ പണം ആവശ്യപ്പെടുകയും ഇരുവരും തമ്മില്‍ തര്‍ക്കങ്ങളിലേക്ക് എത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുമ്പു വടി കൊണ്ട് സുനിതയെ പ്രഭു അടിച്ച് കൊല്ലുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇളയകുട്ടി കോമള്‍ ട്യൂഷന് കഴിഞ്ഞെത്തിയത്. സുനിതയെ കൊലപ്പെടുത്തിയ പോലെ തന്നെ ഇയാള്‍ കോമളിനെയും കൊലപ്പെടുത്തി. ഈ സമയം ശിവയും സച്ചിനും എത്തി. രണ്ടുപേരെയും പ്രഭു സമാനമായ രീതിയില്‍ കൊലപ്പെടുത്തി. ഇവരുടെ മൃതദേഹങ്ങള്‍ വീടിന് അകത്തിട്ട് പൂട്ടുകയായിരുന്നു. വീടിനു പുറത്തായിരുന്ന ശംഭുവിനെ പ്രഭു ഫോണില്‍ വിളിച്ചു രാത്രി 7.30ന് തമ്മില്‍ കാണാമെന്ന് പറഞ്ഞു. രാത്രിയില്‍ പ്രഭുവിനെ കണ്ടപ്പോള്‍ ഇരുവരും മദ്യപിച്ചു. തുടര്‍ന്ന് രണ്ടുപേരും കൂടി ശംഭുവിന്റെ വീട്ടിലേക്കു തിരിച്ചു. സ്വന്തം വീട്ടിലേക്ക് കയറാന്‍ തുടങ്ങിയ ശംഭുവിനെ, പ്രഭു ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മുറിയിലേക്കു മാറ്റി.
'' സംഭവം പുറത്തറിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ബിഹാറിലെ സുപ്പോളെ സ്വദേശിയാണു പ്രഭു. ലക്ഷ്മി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ചില പണമിടുകാര്‍ക്കായി പണം പിരിക്കുന്ന ജോലിയും ഏറ്റെടുത്തിരുന്നു. ആറു മാസം മുമ്പാണ് ശംഭുവില്‍ നിന്നും പണം കടം വാങ്ങിയത്. 'കമ്മിറ്റികളില്‍' നിക്ഷേപിക്കാനാണ് എന്നാണു പറഞ്ഞത്. എന്നാല്‍ രഹസ്യമായി ഈ തുക പ്രതി ചെലവാക്കിയോ എന്ന് അന്വേഷിക്കുന്നുണ്ട്''' - ഈസ്റ്റേണ്‍ റേഞ്ച് ജോയിന്റ് കമ്മിഷണര്‍ അലോക് കുമാര്‍ പറഞ്ഞു.






