
സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡ് ഭേദിച്ചു. പവന് 400 രൂപ കൂടി 31,280 രൂപയായി. രാവിലെ 240 രൂപയും ഉച്ചയ്ക്ക് ശേഷം 160 രൂപയുമാണ് വര്‍ധിച്ചത്. അതായത് വെള്ളിയാഴ്ച മാത്രം പവന്റെ വിലയില്‍ ഉണ്ടായ വര്‍ധന 400 രൂപയാണ്. ഒരു ഗ്രാമിന്റെ വില 3,910 രൂപയാണ്.
ഫെബ്രുവരി ആറിന് 29,920 രൂപ രേഖപ്പെടുത്തിയ ശേഷം തുടര്‍ച്ചയായി വില വര്‍ധിക്കുകയായിരുന്നു. ജനുവരി 29,000 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2,280 രൂപയയാണ് പവന്റെ വിലയിലുണ്ടായ വര്‍ധന.
ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചത് ലോകമ്പെടുമുള്ള വ്യാവസായിക ഉത്പാദനത്തെ ബാധിക്കുമെന്നും അത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിവെയ്ക്കുമെന്നുമുള്ള ആശങ്കയാണ് സ്വര്‍ണവില ഇടയ്ക്ക് കൂടാന്‍ കാരണം.
മാന്ദ്യവേളകളില്‍ സുരക്ഷിത നിക്ഷേപണമെന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യം കൂടാറുണ്ട്. ഇപ്പോഴത്തെ തുടര്‍ച്ചയായ വില വര്‍ധനയ്ക്ക് കാരണം അതാണ്. വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ദുര്‍ബലമാകുകയും ചെയ്തതോടെ വില വീണ്ടും റെക്കോഡ് ഭേദിച്ചു.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,625.05 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ചക്കിടെയുള്ള വിലവര്‍ധന 2.5 ശതമാനമാണ്.






