
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരവിനു തൊട്ടുമുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യാ സന്ദര്‍ശനത്തിനായി ട്രംപ് തിങ്കളാഴ്ചയാണ് എത്തുന്നത്. എന്നാല്‍ സന്ദര്‍ശനത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യയുമായുള്ള വ്യാപാരക്കരാറില്‍ നിന്ന് യുഎസ് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ടട് ചെയ്തിരിക്കുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ വ്യാപാരക്കരാറില്‍ ഇന്ത്യയുമായി ഒപ്പുവെയ്ക്കുമെന്ന സൂചനകള്‍ക്കിടെയാണ് അപ്രതീക്ഷിത തിരിച്ചടിയുയര്ത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. കരാറില്‍ നിന്ന് യുഎസ് ആണ് പിന്നോട്ടു പോയിരിക്കുന്നതെന്നാണ് സൂചനകള്‍.
സമഗ്ര കരാര്‍ നടപ്പിലാക്കാനായില്ലെങ്കില്‍ ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഒരു മിനി കരാറിനായുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. താരിഫ് കുറയ്ക്കുന്നതുമായും മാര്‍ക്കറ്റ് തുറന്ന് നല്‍കുന്നതുമായും ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ചില മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള വിലനിയന്ത്രണത്തില്‍ ഇളവ് വേണമെന്നാണ് യുഎസിന്റെ ആവശ്യം. ഇന്ത്യയിലെ ഉയര്‍ന്ന താരിഫിലുള്ള അതൃപ്തിയും ട്രംപ് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു.






