
മെല്‍ബണ്‍: ഏകദിന ലോകകപ്പിന് ശേഷം പുരുഷടീം ന്യൂസിലന്റിനോട് തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ വനിതകള്‍ മിന്നിക്കുന്നു. ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ന്യൂഡലന്റിലെ വനിതകളെ തകര്‍ത്ത് ഇന്ത്യന്‍ പെണ്‍പുലികള്‍ തകര്‍പ്പന്‍ വിജയവുമായി സെമിയിലെത്തി. ടൂര്‍ണമെന്റിലെ മൂന്നാമത്തെ മത്സരത്തില്‍ വെറും നാലു റണ്‍സിനായിരുന്നു ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 133 റണ്‍സടിച്ച ഇന്ത്യ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യുസിലന്റിനെ 129 ന് എറിഞ്ഞുവീഴ്ത്തി.
34 പന്തില്‍ 46 റണ്‍സടിച്ച ഷഫാലിയും 25 പന്തില്‍ 23 റണ്‍സ് അടിച്ച താനിയാ ഭാട്ടിയയുമാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്റിന്റെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടനേ അനുവദിച്ചുള്ളൂ. ഇതോടെ ഗ്രൂപ്പ് എ യിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ മുമ്പോട്ട് പോയത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെയും രണ്ടാം മത്സരത്തില്‍ ബംഗ്ളാദേശിനെയും തോല്‍പ്പിച്ച ശേഷമാണ് ന്യൂസിലന്റിനെതിരേയും ജയിച്ചത്.
മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍ ദീപ്തി ശര്‍മ്മയുടെ ആദ്യ ഓവറില്‍ ഓപ്പണര്‍ റേച്ചല്‍ പ്രീസ്റ്റ് രണ്ടു ബൗണ്ടറി അടിച്ച് 12 റണ്‍സാണ് നേടിയത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സ്പിന്നര്‍ ശിഖാ പാണ്ഡേ പ്രീസ്റ്റിനെ പറിച്ചു. തൊട്ടു പിന്നാലെ ന്യൂസിലന്റ് സ്കോര്‍ 30 എത്തിയപ്പോള്‍ ബേറ്റ്സിനെ ദീപ്തി മടക്കി. പിന്നാലെ മുന്‍ നായിക സോഫി ഡിവൈന്‍ 14 റണ്‍സിന് കൂടി വീണതോടെ കിവീസ് സ്കോര്‍ 34 ന് മൂന്നായി. 24 റണ്‍സ് അടിച്ച മാഡ്ഡി ഗ്രീനും 25 റണ്ണുമായി കാറ്റി മാര്‍ട്ടിനും ചേര്‍ന്ന് 43 റണ്‍ കൂട്ടുകെട്ട് ഉണ്ടാക്കി നില്‍ക്കെ ഗ്രീനെ വീഴ്ത്തി ഗെയ്ക്കവാദ് വീണ്ടും കളി ഇന്ത്യയൂടെ കയ്യിലാക്കി. രാധ മാര്‍ട്ടിനെയും വിട്ടതോടെ 90 അഞ്ചായി അവര്‍.
21 പന്തില്‍ 44 റണ്‍സ് വേണമെന്നിരിക്കെ 34 റണ്‍സുമായി നിന്ന കെര്‍ പൂനത്തിന്റെ ഓവറില്‍ നാലു ബൗണ്ടറികള്‍ അടിച്ച് 18 റണ്‍സ് നേടി. ഇതോടെ ആറ് പന്തില്‍ 16 എന്ന നിലയില്‍ നില്‍ക്കേ അവസാന ഓവര്‍ എറിയാന്‍ വന്നത് ശിഖയയായിരുന്നു. എന്നാല്‍ 11 റണ്‍സ് എടുത്ത ഹാലിയും കെറും ഓരോ ബൗണ്ടറി കൂടി നേടിയെങ്കിലും കിവികളെ കൂടുതല്‍ സ്കോറിംഗ് നടത്താതെ ശിഖ തടഞ്ഞതോടെ കളി കൈവന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 16 കാരി ഷഫാലി നടത്തിയ വെടിക്കെട്ടാണ് തുണയായത്. പവര്‍പ്ളേയില്‍ ഒന്നിന് 49 ആയിരുന്നു ഇന്ത്യയുടെ നില. എന്നാല്‍ പിന്നീട് 43 റണ്‍സിന് നഷ്ടമായത് ആറ് വിക്കറ്റുകളാണ്. പനികാരണം വിട്ടു നിന്ന സ്മൃതി മന്ദന തിരിച്ചു വന്നെങ്കിലും 11 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ 23 റണ്‍സ് എടുത്ത താന്യയെ കൂട്ടു നിര്‍ത്തി രണ്ടാം വിക്കറ്റില്‍ ഷഫാലി മികച്ച ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ രണ്ടാം വിക്കറ്റില്‍ പിറന്നത് 51 റണ്‍സായിരുന്നു.




