
ന്യൂജേഴ്സി: ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി ഫ്രഞ്ച് നായകന് കിലിയന്‍ എംബാപ്പെയ്ക്ക് സ്വന്തം. ലോകപ്പ് രണ്ടാം റൗണ്ട് പോരാട്ടത്തില്‍ സ്വീഡനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് അവസാന പതിനാറില്‍ ഇടംപിടിച്ചു.
പ്രീ-ക്വാര്‍ട്ടറില്‍ പരാഗ്വേയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. മത്സരത്തിന്റെ ഇരുപകുതികളിലുമായി നേടിയ രണ്ട് ഗോളുകളോടെ എംബാപ്പെയുടെ നോക്കൗട്ട് സ്റ്റേജ് ഗോള്‍നേട്ടം പത്തായി ഉയര്‍ന്നു. നിലവില്‍ ആറ് ഗോളുകളുമായി അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്കൊപ്പം ഗോള്‍ഡന്‍ ബൂട്ട് റേസിലും എംബാപ്പെ ഒന്നാമതെത്തി. തുടക്കം മുതല്‍ ഫ്രഞ്ച് പട സ്വീഡിഷ് പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി.
മത്സരത്തിന്റെ 20-ാം മിനിറ്റില്‍ എംബാപ്പെ വലകുലുക്കിയെങ്കിലും ഓഫ്സൈഡ് വിധി തിരിച്ചടിയായി. തൊട്ടുപിന്നാലെ ജൂള്‍സ് കുണ്ടെയുടെ ക്രോസില്‍ നിന്ന് ലഭിച്ച സുവര്‍ണ്ണാവസരം എംബാപ്പെ പോസ്റ്റിലിടിപ്പിച്ചു കളഞ്ഞു. മിഖായേല്‍ ഒലീസെയുടെ സിസര്‍ കിക്കും ഔസ്മാനെ ഡെംബെലെയുടെ റീബൗണ്ട് ഷോട്ടും ലക്ഷ്യം കാണാതെ പോയതോടെ ഫ്രഞ്ച് ക്യാമ്പ് നിരാശയിലായി.
സ്വീഡിഷ് ഗോള്‍കീപ്പര്‍ ജേക്കബ് വിഡെല്‍ സെറ്റര്‍സ്ട്രോമിന്റെ മികച്ച സേവുകളാണ് ഫ്രാന്‍സിനെ വലിയൊരു സമയവും തടഞ്ഞുനിര്‍ത്തിയത്. എന്നാല്‍ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ എംബാപ്പെ ഡെംബെലെയുടെ പാസ് സ്വീകരിച്ച്, സ്വീഡിഷ് താരം വിക്ടര്‍ ഗ്യോകെരസിനെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ സ്വീഡന് സമനിലയ്ക്കുള്ള അവസരം ലഭിച്ചെങ്കിലും എലിയറ്റ് സ്ട്രൗഡിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
രണ്ടാം പകുതിയില്‍ ഫ്രാന്‍സ് പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി. 53-ാം മിനിറ്റില്‍ ഒലീസെയുടെ പാസില്‍ നിന്ന് ബ്രാഡ്ലി ബാര്‍കോള ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടി. തുടര്‍ന്ന് 74-ാം മിനിറ്റില്‍ ഒലീസെയുടെ മറ്റൊരു മികച്ച പാസ് സ്വീകരിച്ച് എംബാപ്പെ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും കുറിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ആഴ്സണല്‍ സ്ട്രൈക്കര്‍ ഗ്യോകെരസിന് സ്വീഡന്റെ ആശ്വാസ ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും ഫ്രഞ്ച് കീപ്പര്‍ മൈക് മൈനന്‍ അത് തട്ടിയകറ്റി.






