
ഫോക്സ്ബ്രോ/ഗ്വാഡലൂപ: ഫുട്ബോള്‍ ലോകകപ്പില്‍ തീര്‍ത്തും അപ്രതീക്ഷിതമായ രണ്ട് അട്ടിമറികള്‍. കിരീടം നേടുമെന്നു നിരീക്ഷകര്‍ പ്രവചിച്ച നെതലന്ഡ്സും മുന്‍ ചാമ്പ്യന്‍ ജര്‍മനിയും നോക്കൗട്ടില്‍ തട്ടിവീണു. ജര്‍മനിയെ ലാറ്റിന്‍ അമേരിക്കയിലെ കുഞ്ഞന്‍ പരാഗ്വേയും നെതലന്ഡ്സിനെ ആഫ്രിക്കയിലെ കരുത്തന് മൊറോക്കോയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു.
ഫോക്സ്ബ്രോയിലെ ബോസ്റ്റണ്‍ സ്റ്റേഡിയത്തിന്റെ മുഴുവന്‍ സമയത്തും അധിക സമയത്തും സ്കോര്‍ 1-1 എന്ന നിലയിലായിരുന്നു തുടര്‍ന്നാണു ഷൂട്ടൗട്ട് വേണ്ടി വന്നത്. 4-3 നായിരുന്നു പരാഗ്വേയുടെ സ്വപ്ന തുല്യമായ ജയം. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണു ജര്‍മനി ഷൂട്ടൗട്ടില്‍ തോല്‍ക്കുന്നത്. മുമ്പ് നടന്ന നാല് പെനാല്‍റ്റി ഷൂട്ടൗട്ടിലും ജര്‍മനി ജേതാക്കളായി.
1976 ലെ യൂറോ കപ്പ് ഫൈനലില്‍ ചെക്കോസ്ലോവാക്യയോട് 5-3 നു തോറ്റതാണ് അവരുടെ ചരിത്രത്തിലെ മറ്റൊരു ഷൂട്ടൗട്ട് ദുരന്തം. ലോകകപ്പില്‍ നാലാം തവണയാണ് ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്. 1938, 2018, 2022 ലോകകപ്പുകളിലാണു മുമ്പ് യോഗ്യത നഷ്ടമായത്. ഇന്നലെ 42-ാം മിനിറ്റില്‍ ജൂലിയോ എന്‍സിസോയിലൂടെ പരാഗ്വേ മുന്നിലെത്തി. 54-ാം മിനിറ്റില്‍ കായ് ഹാവ്ററ്റ്സ് ഗോള്‍ മടക്കി. അധിക സമയത്ത് ജോനാഥന് ടാഹിലൂടെ ജര്‍മനി ഗോളടിച്ചെങ്കിലും റഫറി ഗോള്‍ നിഷേധിച്ചു. ഗോള്‍ കീപ്പറെ ഫൗള്‍ ചെയ്തതിനാണു ഗോള്‍ നിഷേധിച്ചത്. ഷൂട്ടൗട്ടില്‍ മൗറീഷ്യോ, ഗുസ്താവോ ഗോമസ്, മതിയാസ് ഗാലാഴ്സ, ഹൊസെ കനാലെ എന്നിവര്‍ പരാഗ്വേയ്ക്കു വേണ്ടി ലക്ഷ്യം കണ്ടു. ആന്റണിയോ സനാബ്രിയയുടെ ഷോട്ട് പുറത്തേക്കും ഫാബിയന്‍ ബാല്ബുന എടുത്ത കിക്ക് ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ തടുക്കുകയും ചെയ്തു. ജര്‍മനിക്കായി ആദ്യ കിക്കെടുത്ത ജോനാഥന് ടാഹിനും നിക്ക് വോള്ടെമേയ്ഡ്, കായ് ഹാവ്ററ്റ്സ് എന്നിവര്‍ക്കും ലക്ഷ്യം കാണാനായില്ല. ജോഷ്വാ കിമ്മിഷ്, ജമാല്‍ മുസിയാല, നദീം അമീരി എന്നിവരുടെ കിക്കുകള്‍ വല കടന്നു. ഹാവ്ററ്റ്സിന്റെയും നിക്ക് വോള്ടെമേയ്ഡിന്റെയും കിക്കുകള്‍ തടുത്ത് പരാഗ്വേ ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്‍ ജയത്തില്‍ നിര്‍ണായക ഭാഗമായി. ഗ്വാഡലൂപയിലെ മോണ്ടെറി സ്റ്റേഡിയത്തിലാണു മൊറോക്കോ വീരകഥ കുറിച്ചത്.
മുഴുവന്‍ സമയത്തും അധിക സമയത്തും സ്കോര്‍ 1-1 നു തുല്യമായിരുന്നു. കോഡി ഗാക്പോ 72-ാം മിനിറ്റില്‍ ഡച്ചുകാരെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിലെ ഇസ ഡിയോപിന്റെ ഗോളാണു മത്സരം ഷൂട്ടൗട്ടിലേക്കു നീട്ടിയത്. ഡച്ചുകാര്‍ക്കായി ട്യൂണ്‍ കൂപ്മൈനേഴ്സ്, വൗട്ട് വെഗോര്‍സ്റ്റ് എന്നിവര്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചു.
ജസ്റ്റിന്ക്ല ൂയിവര്ട്ട്, ക്വിന്റേന് ടിംബര്‍, ക്രിസെന്‍സിയോ സമ്മര്വീല് എന്നിവരുടെ കിക്ക് പാഴായി. ക്രിസെന്‍സിയോ സമ്മര്വീലിന്റെ കിക്ക് ഗോള്‍ കീപ്പര്‍ യാസിനെ ബൗനു തടുത്തു. മൊറോക്കോയ്ക്കായി നീല്‍ എല്‍ അയനൗയി, അഷ്റഫ് ഹകീമി എന്നിവരുടെ കിക്ക് പാഴായപ്പോള്‍ സൗഫിയാനെ റഹിമി, ചെംസ്ഡിന്‍ ടാല്‍ബി, ഇസ്മായില്‍ സൈബാരി എന്നിവര്‍ പന്ത് വലയിലെത്തിച്ചു.
സൗഫിയാനെ റഹിമിയുടെ കിക്ക് ഡച്ച് ഗോള്‍ കീപ്പര്‍ ബാര്‍ട് വെര്‍ബ്രൂഗന്‍ തടുത്തെടുങ്കിലും കാലില്‍ തട്ടി വലയിലേക്കു തന്നെ പോയി. ലോകകപ്പിന്റെ മൂന്ന് ഫൈനലുകളില്‍ കാലിടറിയ ഡച്ചുകാര്‍ ഇത്തവണയും കിരീടമെന്ന സ്വപ്നം ബാക്കിയാക്കി. ഒന്നാം പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളടിക്കാനായില്ല. 72-ാം മിനിറ്റില്‍ ഡച്ച് പടയാണ് ആദ്യം ലീഡ് നേടിയത്. ഈ ഗോളിന്റെ ബലത്തില്‍ നെതര്‍ലന്‍ഡ്സ് ജയത്തിലേക്ക് മുന്നേറുമെന്ന് തോന്നിച്ചു.






