
ബോസ്റ്റണ്‍: ഫുട്ബോള്‍ ലോകകപ്പില്‍ ഡച്ചുകാര്‍ പുറത്താകും മുമ്പ് ജര്‍മനിയും മടങ്ങിയിരുന്നു. ബോസ്റ്റണില്‍ പരാഗ്വേയ്ക്കെതിരേ നടന്ന നോക്കൗട്ട് അനായാസം ജയിക്കുമെന്ന പ്രതീക്ഷയിലാണു യൂലിയന്‍ നഗല്‍സ്മാനും ശിഷ്യന്മാരുമെത്തിയത്.
കളിയുടെ 76 ശതമാനം സമയത്തും പന്ത് അവരുടെ വരുതിയിലുമായിരുന്നു. പന്തടക്കത്തില്‍ 25 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും പരാഗ്വേ എതിരാളികളെ ഗോളടിപ്പിച്ചില്ല. മുഴുവന്‍ സമയത്തും അധിക സമയത്തും സ്കോര്‍ 1-1 നു തുല്യനിലയിലായി. പരാഗ്വേയ്ക്കായി ജൂലിയോ എന്സികോ 42-ാം മിനിറ്റില്‍ ഗോളടിച്ചു. 54-ാം മിനിറ്റില്‍ കായ് ഹാവ്ററ്റ്സ് ജര്‍മനിയെ ഒപ്പമെത്തിച്ചു. ഫ്ളോറിയന്‍ വിട്സ് നല്കിയ ക്രോസിനെ ഹെഡ് ചെയ്താണു ഹാവ്ററ്റ്സ് സമനില പിടിച്ചത്. ഷൂട്ടൗട്ടില്‍ ജര്‍മനിയുടെ ഹാവേര്‍ട്സ്, നിക്ക് വോള്‍ട്ട് മേഡ് എന്നിവരുടെ കിക്കും പാഴായി. അതേസമയം അവസാന രണ്ട് പാരഗ്വായ് താരങ്ങളുടെ കിക്കും ക്ഷ്യത്തിലെത്തിയില്ല. അതോടെ സഡന്‍ ഡത്തിലേക്ക്.
ജൊനാഥന് ടായുടെ കിക്ക് പാഴായപ്പോള്‍ പാരഗ്വായ് വലകുലുക്കി. ജര്‍മനി പുറത്ത്. ഇക്വഡോറിനെതിരായ തോല്‍വിയുടെ നിരാശ മാറ്റി മുന്നേറുകയെന്ന ലക്ഷ്യമിട്ടാണ് ജര്‍മനിയെത്തിയത്. ജമാല്‍ മുസിയാലയ്ക്ക് പകരം സൂപ്പര്‍ സബ് ഉണ്‍ഡാവിനെ നഗല്സ്മാന് സ്റ്റാര്‍ട്ടിങ് ഇലവനിലിറക്കി. ഹാവ്ററ്റ്സിനെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനാണു ജര്‍മനി തയാറാക്കിയത്്. മറുപക്ഷത്ത് ഗുസ്താവോ അല്‍ഫാറോ 4-5-1 ഫോര്‍മേഷനിലും ടീമിനെ തയാറാക്കി. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ജര്‍മനി മുന്നിട്ടുനിന്നു. പരാഗ്വേയ്ക്ക് ചുരുക്കം ചില അവസരങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂ. പക്ഷേ 42-ാം മിനിറ്റില്‍ ജൂലിയോ എന്‍സീസോ ജര്‍മനിയെ ഞെട്ടിച്ചു. ടീമിന്റെ ഒത്തിണക്കം പ്രകടമാകുന്ന ഗോളായിരുന്നു അത്.
പെനാല്‍റ്റി ബോക്സിന് പുറത്തുനിന്ന് നടത്തിയ മീകച്ച നീക്കമാണു ഗോളില്‍ കലാശിച്ചത്. വലതുവിങ്ങില്‍നിന്നു മതിയാസ് ഗലര്‍സ നല്കിയ ക്രോസ് ഹെഡറിലൂടെ എന്‍സീസോ വലയിലാക്കി. ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറിന് പന്തില്‍ തൊടാനായില്ല. രണ്ടാം പകുതിയില്‍ കടുത്ത പോരാട്ടമായിരുന്നു. തിരിച്ചടിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ജര്‍മനി.
ഫെലിക്സ് മേച്ചയെ പിന്‍വലിച്ച് ലിയോണ്‍ ഗോറട്സ്കെയെ അവര്‍ കളത്തിലിറക്കി. മിനിറ്റുകള്‍ക്കകം ജര്‍മനിയുടെ മറുപടിയെത്തി. കായ് ഹാവ്ററ്റ്സാണ് ഗോളടിച്ചത്. ഇടതുവിങ്ങില്‍ നിന്ന് ഫ്ളോറിയന്‍ വിട്സ് നല്കിയ ക്രോസ് ഹെഡറിലൂടെ ഹാവ്ററ്റ്സ് സമനില പിടിച്ചു. ഗോള്‍ വീണതിന് പിന്നാലെയും ജര്‍മനി മുന്നേറ്റങ്ങള്‍ തുടര്‍ന്നു. 59-ാം മിനിറ്റില്‍ ഗുസ്റ്റാവോ കാബല്ലേറോയുടെ ഷോട്ട് ന്യൂയര്‍ തടഞ്ഞു. .63-ാം മിനിറ്റില്‍ ഉണ്‍ഡാവിനെ പിന്‍വലിച്ച് ജമാല്‍ മുസിയാല ജര്‍മന്‍ ടീമിലെത്തി. ജര്‍മന്‍ മുന്നേറ്റനിര പരാഗ്വേ ബോക്സില്‍ കയറിയിറങ്ങിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.






