ന്യുഡല്‍ഹി: ഡല്‍ഹി കലാപത്തിന് കോപ്പുകൂട്ടി വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതിനെ എതിര്‍ത്ത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത. വിദ്വേഷ പ്രസംഗകര്‍ക്കെതിരെ കേസെടുക്കാന്‍ അനുകൂല സാഹചര്യമല്ലെന്നാണ് തുഷാര്‍ മേഹ്ത്തയുടെ വാദം. ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ മറുപടി നല്കാന് കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
അതേസമയം സോളിസിറ്റര്‍ ജനറലിന്റെ വാദത്തെ ഹര്‍ജിക്കാര്‍ ശക്തമായി എതിര്‍ത്തു. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളില്‍ വ്യത്യസ്ത കേസുകളിലായി 48 എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് വിദ്വേഷ പ്രസംഗകര്‍ക്കെതിരെ കേസെടുക്കാന്‍ മടിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ആരാഞ്ഞു. വിദ്വേഷ പ്രസംഗകരെ അറസ്റ്റ് ചെയ്യാന്‍ പോലും ആവശ്യപ്പെടുന്നില്ല. എന്നാല്‍ എഫ്.ഐ.ആര് എടുക്കാനെങ്കിലും തയ്യാറാകാണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന് കോളിന് ഗോസോല്‍വസ് ചോദിച്ചു. തെളിവില്ലെങ്കില്‍ പിന്നീട് എഫ്.ഐ.ആര് റദ്ദാക്കാമെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.
സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി കേസ് ഏപ്രില്‍ 13ലേക്ക് മാറ്റി. മറുപടി നല്കാന് ഡല്‍ഹി പോലീസിന് അതുവരെ സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസ് ഡി.എന്‍ പാട്ടീല്‍, ജസ്റ്റിസ് സി ഹര്ഷശങ്കര് എന്നിവരാണ് കേസ് പരിഗണിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദ്ദേശിച്ച ജസ്റ്റിസ് എസ്. മുരളീധറിന്റെ ബെഞ്ചില്‍ നിന്ന് കേസ് മാറ്റുകയും അദ്ദേഹത്തെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ജസ്റ്റിസുമാരായ എസ്. മുരളീധര്‍, തല്‍വന്ത് സിംഗ് എന്നിവര്‍ പരിഗണിച്ചിരുന്ന കേസ് ഇന്നലെ തന്നെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ബി.ജെ.പി നേതാക്കളുടെ വിദേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ്മ എന്നിവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്. പര്‍വേഷ് വര്‍മ്മയും അനുരാഗ് താക്കൂറും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ വിദ്വേഷ പ്രസംഗങ്ങളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കേസെടുക്കാന്‍ തയ്യാറാകാതിരുന്ന ഡല്‍ഹി പോലീസിനെ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോ കോടതി കാണിച്ചിരുന്നു. ഇതിനിടെയാണ് ജഡ്ജിയെ സ്ഥലം മാറ്റിയത്.






