
തിരുവനന്തപുരം: പ്രമുഖ പ്രവാസി മലയാളി വ്യവസായിയെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടാന്‍ തീവ്രവാദികളുടെ ശ്രമം. ഒരു ഉത്തരേന്ത്യന്‍ കുഗ്രാമത്തിലെ തപാല്‍ ഓഫീസില്നിന്നയച്ച ഭീഷണിക്കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
വ്യവസായിയുടെ വെബ് െസെറ്റും ഹാക്ക് ചെയ്തിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ തീവ്രവാദബന്ധമുള്ള അധോലോക സാന്നിധ്യവും പോലീസ് സംശയിക്കുന്നു. ഇന്ത്യയിലെ ''ദൗത്യ''ത്തിനായി കോടികള്‍ ആവശ്യപ്പെട്ടാണു കത്ത്.
കഴിഞ്ഞ ഒരുമാസത്തിനിടെ കേരളത്തിലെ പല പ്രമുഖരും തങ്ങള്‍ക്കു രഹസ്യമായി പണം നല്‍കിയിട്ടുണ്ടെന്നു കത്തില്‍ പറയുന്നു. അതുപോലെ ചെയ്തില്ലെങ്കില്‍ ഭവിഷ്യത്തുണ്ടാകുമെന്ന ഭീഷണിയുമുണ്ട്. വ്യവസായിയുടെ പരാതി, യു.എ.പി.എ. ചുമത്തി അന്വേഷിക്കാനാണു പോലീസ് നീക്കം.
ഭീകരവിരുദ്ധ സ്ക്വാഡും (എ.ടി.എസ്) രഹസ്യാന്വേഷണമാരംഭിച്ചു. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസിലൂടെയാണ് ഉത്തരേന്ത്യന്‍ അധോലോകം കേരളത്തിലേക്കും വേരുപടര്‍ത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നത്. രവി പൂജാര എന്ന അധോലോകത്തലവന്‍ എത്ര പേരില്‍നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടാകുമെന്ന് ഇപ്പോഴും വ്യക്തമല്ല. നിരവധി രാഷ്ട്രീയ-വ്യവസായപ്രമുഖര്‍ അധോലോകത്തിനു വഴങ്ങിയിട്ടുണ്ടാകാമെന്നാണു സൂചന.






