
വയനാട്: സന്യാസി സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടി നിര്ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്കിയ അപ്പീല്‍ വത്തിക്കാന്‍ വീണ്ടും തള്ളി. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി രണ്ടാം തവണയാണ് വത്തിക്കാന്‍ മുന്നില്‍ അപ്പീല്‍ നല്‍കുന്നത്. എഫ്സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയ നടപടി നിര്‍ത്തിവെയ്ക്കണമെന്നും, തന്റെ ഭാഗം കേള്‍ക്കണമെന്നുമായിരുന്നു സിസ്റ്റര്‍ ലൂസിയുടെ ആവശ്യം.
സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് കാണിച്ച് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് മഠത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് ലൂസി കളപ്പുര നല്കിയ അപ്പീല്‍ ഒരിക്കല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു.
രണ്ടാമത് അയച്ച അപ്പീലില്‍ എഫ്സിസി അധികൃതര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്കുന്നതിനോടൊപ്പം കേരളത്തില്‍ കത്തോലിക്കാ സഭയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളും സഭാ അധികൃതരുള്പ്പട്ട കേസുകളും അക്കമിട്ടു നിരത്തിയാണ് അപ്പീല്‍ അയച്ചിരിക്കുന്നത്.പഴഞ്ചന്‍ വ്യവസ്ഥകളും കടുംപിടുത്തങ്ങളും ഒഴിവാക്കി സഭ കാലത്തിനനുസരിച്ച് മാറേണ്ട സമയം അതിക്രമിച്ചുവെന്നും, ഭൂമി ഇടപാടുകളും ബലാത്സംഗക്കേസുകളിലും സഭാ അധികൃതര്‍ പ്രതികളാകുന്നത് കേരളത്തില്‍ സഭയുടെ പ്രതിച്ഛായക്ക് കനത്ത ആഘാതമേല്പ്പിക്കുവെന്നും അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നു.
തന്റെ ഭാഗം പറയാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല, തനിക്ക് പറയാനുള്ളത് സഭ കേള്‍ക്കണം, കാര്‍ വാങ്ങിയതും െ്രെഡവിങ്ങ് ലൈസന്‍സ് എടുത്തതും കവിത എഴുതിയതും തെറ്റായി എന്നുകാണാന്‍ തന്റെ വിശ്വാസം അനുവദിക്കുന്നില്ല. കേരളത്തില്‍ കത്തോലിക്കാ സഭാ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അപ്പീലില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, സിസ്റ്റര്‍ ലൂസിയെ അവര്‍ താമസിക്കുന്ന മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്കിയ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ സിസ്റ്റര്‍ ലൂസിക്ക് നിലവില്‍ മഠത്തില്‍ നിന്ന് മാറേണ്ടി വരില്ലെന്നാണ് സൂചന.






