കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിച്ച ഷഹീന്‍ബാഗ് സ്ക്വയര്‍ സമരത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഈശ്വര്‍ മടങ്ങി. ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം. ഇന്നലെ വൈകിട്ടാണ് രാഹുല്‍ ഈശ്വര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഇന്നലെ വൈകിട്ട് തന്നെ കോഴിക്കോട് എത്തുകയും ചെയ്തു. എന്നാല്‍ രാഹുലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് ലീഗിലെ ഒരു വിഭാഗം കടുത്ത എതിര്‍പ്പ് അറിയിക്കുകയായിരുന്നു.
രാഹുല്‍ പങ്കെടുത്താല്‍ തടയുമെന്ന് നജീബ് കാന്തപുരം ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറിയിച്ചു. ഇതോടെ പി.കെ ഫിറോസ് രാഹുല്‍ ഈശ്വറിനോട് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അറിയിച്ചു. കോഴിക്കോട് എത്തിയ രാഹുല്‍ ഈശ്വര്‍ മടങ്ങിപ്പോകുകയും ചെയ്തു. സംഘപരിവാര്‍ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാഹുല്‍ ഈശ്വറിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് എതിരെയായിരുന്നു എതിര്‍പ്പ്.
തീവ്ര ഹിന്ദുത്വ നിലപാട് പുലര്‍ത്തുകയും ലൗവ് ജിഹാദ് ആരോപണം അടക്കം പ്രചരിപ്പിക്കുകയും ചെയ്ത രാഹുല്‍ ഈശ്വറിശന പൗരത്വ ബില്ലിനെതിരെ നടക്കുന്ന സമരത്തിലേക്ക് ക്ഷണിക്കാന്‍ പാടില്ലായിരുന്നെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്.






