
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെച്ചൊല്ലി ലോക്സഭയില്‍ രണ്ടാം ദിവസവും ബഹളം. ആലത്തൂര്‍ അംഗം രമ്യാ ഹരിദാസും ബി.ജെ.പി. വനിതാ അംഗവുമായുള്ള െകെയാങ്കളിയും തുടരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായെ ഉന്നമിട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനിടെ, സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനടുത്തുള്ള വാതില്‍ അടിച്ചുതകര്‍ക്കാന്‍ ടി.എന്‍. പ്രതാപന് ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.
ഡല്‍ഹി കലാപത്തെക്കുറിച്ച് ഉടന്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയുണ്ടായ പ്രതിഷേധത്തിനിടയിലാണ് വനിതാ അംഗങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്. ഭരണപക്ഷാംഗമായ ഒരു വനിത രമ്യയെ പിടിച്ചുവയ്ക്കാന്‍ ശ്രമിച്ചു. കുതറിമാറി മുന്നോട്ടു കുതിക്കാനാഞ്ഞ രമ്യയെ അവര്‍ പിന്നോട്ടു തള്ളാന്‍ ശ്രമിച്ചതോടെ െകെയാങ്കളിയായി.
അച്ചടക്കലംഘനം ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും പ്രതിഷേധത്തിനായി എതിര്ബെഞ്ചിലേക്കു പോകുന്നവരെ ഈ സമ്മേളനകാലയളവ് മുഴുവന്‍ സസ്പെന്‍ഡ് ചെയ്യുമെന്നും ഇന്നലെ രാവിലെ സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സഭയിലേക്ക് പ്ലാക്കാര്‍ഡുകളും പോസ്റ്ററുകളും കൊണ്ടുവരരുതെന്നും കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിന് സഭാംഗങ്ങള്‍ വിലകല്പിച്ചതേയില്ല.
കലാപത്തെക്കുറിച്ച് ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് രാവിലെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഉച്ചതിരിഞ്ഞ് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ഹോളി അവധിക്ക് ശേഷം ചര്‍ച്ചയാകാമെന്ന് സ്പീക്കര്‍ നിലപാടെടുത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഹോളി അവധിക്ക് ശേഷം മാര്‍ച്ച് 11-ന് ചര്‍ച്ചയാകാമെന്ന് സ്പീക്കര്‍ പറഞ്ഞു. ഹോളി ജനങ്ങള്‍ സൗഹാര്‍ദപരമായി ആഘോഷിക്കട്ടെ എന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. തുടര്‍ന്ന് നടുത്തളത്തിലിറങ്ങി.
പ്രതിപക്ഷം ഒരു വശത്ത് നിന്ന് മുദ്രാവാക്യം വിളികള്‍ തുടങ്ങി. എന്നാല്‍ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്താന്‍ തയ്യാറായില്ല. ഇതോടെ ലോക്സഭയിലെ പ്രതിപക്ഷനേതാവായ അധിര്‍ രഞ്ജന്‍ ചൗധരി സ്പീക്കറുടെ വിലക്ക് ലംഘിച്ച് മറുവശത്തേക്കോടി. ഭരണപക്ഷത്തിന്റെ ഭാഗം വഴി സ്പീക്കറുടെ വേദിയിലേക്കു കയറാന്‍ ശ്രമിച്ചു. തടയാനായി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ഭരണപക്ഷം നടുത്തളത്തിലിറങ്ങി.
ഇതിനിടെയാണ് സ്പീക്കറുടെ മുന്നിലുള്ള ചെറിയ വാതില്‍ അടിച്ചുതകര്‍ക്കാന്‍ പ്രതാപന് ശ്രമിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നില്‍ സെക്രട്ടറി ജനറല്‍ ഇരിക്കുന്നതിന് അടുത്തുള്ള വാതിലാണിത്. അതോടെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ചു.






