
വണ്ടാനം (ആലപ്പുഴ): ''അടിച്ചുവീഴ്ത്തി. ഇരുമ്പുകമ്പി പഴുപ്പിച്ച് ദേഹമാകെ പൊള്ളിച്ചു. അസഹ്യമായ വേദനയില്‍ നിലവിളിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടു.'' മലേഷ്യയില്‍ തമിഴ്നാട്ടുകാരായ തൊഴിലുടമകള്‍ ക്രൂരമായി ഉപദ്രവിച്ചതിന്റെ വേദന ഇപ്പോഴുമുണ്ട്. ശരീരമാകെ പൊള്ളലിന്റെയും മര്‍ദനത്തിന്റെയും ഉണങ്ങാത്ത മുറിവുകള്‍. നോര്‍ക്കയുടെയും മലേഷ്യയിലെ മലയാളി അസോസിയേഷന്റെയും സഹായത്തോടെ ഇന്നലെ രാവിലെയാണു ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂര്‍ വാലേത്ത് ഹരിദാസന് (47) നാട്ടിലെത്തിയത്.
ബാര്‍ബര്‍ ജോലിക്കായി മലേഷ്യയിലേക്കു കൊണ്ടുപോയപ്പോള്‍ വാഗ്ദാനം ചെയ്തിരുന്ന ശമ്പളവും കുടിശികയും ചോദിച്ചതായിരുന്നു കുറ്റം. ഒപ്പം ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി വിപിന്‍ കുമാറിനും ക്രൂരമായ മര്‍ദനമേറ്റിരുന്നു. വിപിന്‍ ഇപ്പോള്‍ എവിടെയാണെന്നോ എന്താണ് അവസ്ഥയെന്നോ അറിയില്ല. ചെെന്നെ സ്വദേശികളും മലേഷ്യയിലെ ബാര്‍ബര്‍ ഷോപ്പ് ഉടമകളായ രാധാകൃഷ്ണനും സത്യയുമാണു ക്രൂരമായി പീഡിപ്പിച്ചത്. ആലപ്പുഴ ചിങ്ങോലി സ്വദേശിയായ സുദന്‍ മുഖേന 2016 ജൂണ്‍ ഒന്നിനാണു മലേഷ്യയില്‍ ചെന്നത്. 30,000 രൂപ പ്രതിമാസ ശമ്പളമാണു പറഞ്ഞിരുന്നതെങ്കിലും കിട്ടിയത് 12,000 രൂപ മാത്രം. പരാതി പറഞ്ഞപ്പോള്‍ 16,000 രൂപയാക്കിയെങ്കിലും കഴിഞ്ഞ ഏഴു മാസമായി അതും കിട്ടിയില്ല.
കുടിശിക തീര്‍ത്ത് നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ജനുവരി 28-ന് മര്‍ദനം തുടങ്ങി മുറിയില്‍ പൂട്ടിയിട്ടു. ഇതിനിടെ വീട്ടിലേക്കു ഫോണ്‍ ചെയ്യാന്‍ കഴിഞ്ഞെങ്കിലും രാധാകൃഷ്ണനും സത്യയും അരികിലുണ്ടായിരുന്നിനാല് പീഡനവിവരം തുറന്നുപറയാനായില്ല. പിന്നീട് കടയില്‍ ജോലിക്കെത്തിച്ചപ്പോള്‍ തമിഴ്നാട് സ്വദേശിയായ മറ്റൊരാള്‍ പുതുതായി കടയിലുണ്ടായിരുന്നു. അയാളാണ് ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി ബന്ധുകള്‍ക്ക് അയച്ചത്. ഹരിദാസനെ എത്രയും വേഗം രക്ഷപെടുത്തണമെന്ന സന്ദേശവുമയച്ചു.
തുടര്‍ന്ന് ഹരിദാസന്റെ ഭാര്യ രാജശ്രീ എ.എം. ആരിഫ് എം.പി. ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ നടത്തിയ ശ്രമമാണു തുണയായത്. പത്താം €ാസിലും എല്‍.കെ.ജിയിലും പഠിക്കുന്ന രണ്ടു പെണ്മക്കളാണു ഹരിദാസന്. അഞ്ചു സെന്റിലെ ചോരുന്ന ഷെഡിലാണു താമസം. അടച്ചുറപ്പുള്ള വീടും മക്കളുടെ നല്ല വിദ്യാഭ്യാസവും സ്വപ്നം കണ്ടാണു വിദേശത്തേക്കു പോയത്.
ഇന്നലെ പുലര്‍ച്ചെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങി നാട്ടിലെത്തിയ ഹരിദാസന് ഹരിപ്പാട് ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സതേടി. മുറിവുകള്‍ കരിഞ്ഞു തുടങ്ങിയതിനാല്‍ രണ്ടാഴ്ചത്തെ പൂര്‍ണ വിശ്രമം നിര്‍ദേശിച്ച് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലെത്തി ഏറെ െവെകിയിട്ടും പോലീസോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ അന്വേഷിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.






