Authored by Web Desk | Last updated: 09 Mar 2020, 11:54 AM | 1 min read
കൊച്ചി: അന്തര്‍ദേശീയ വനിതാ ദിനത്തില്‍ വനിതകള്‍ക്ക് വേറിട്ട ആദരമൊരുക്കി കൊച്ചി കടവന്ത്ര സെന്റ് ജോസഫ്സ് പള്ളി ഇടവകാംഗങ്ങള്‍. പള്ളിയിലും ഭവനങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്കിയ ഇടവക ജനം വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ പ്രത്യേകം ആദരിക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെ കുര്‍ബാനയ്ക്കു ശേഷമാണ് വികാരി ഫാ.ബെന്നി മാരാംപറമ്പിലിന്റെ നേതൃത്വത്തില്‍ വനിതകളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. എണ്‍പത് വയസ്സിനു മുകളിലുള്ളവര്‍, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍, വിദ്യാഭ്യാസ ഉന്നതി കൈവരിച്ചവര്‍, ഇടവക നേതൃത്വത്തിലുള്ളവര്‍ എന്നിവരെ ആദരിച്ചു.
ഇടവകയിലെ 600 ഓളം വരുന്ന ഭവനങ്ങളിലും സ്ത്രീകള്‍ക്ക് ആദരവ് നല്കി. സ്ത്രീകള്‍ക്ക് പൂര്‍ണ്ണ വിശ്രമം അനുവദിച്ച് അടുക്കളയില്‍ കയറി പാചക ചുമതല ഏറ്റെടുത്തു. പ്രായഭേദമന്യേ എല്ലാ പുരുഷന്മാരും അടുക്കളയില്‍ ഒരുമിച്ചാണ് പാചകത്തില്‍ ഏര്‍പ്പെട്ടത്. ഇടവകയിലെ 17 കുടുംബയൂണിറ്റ് ഭാരവാഹികള്‍ ഈ അര്‍ത്ഥവത്തായ 'വനിതാ ദിനാചരണ' പരിപാടിക്ക് നേതൃത്വം നല്‍കിയെന്ന് കൈക്കാരന് ഷാജി ആനാംതുരുത്തി പ്രതികരിച്ചു.
വനിതാദിനം പതിവുപോലെ സെമിനാറും കലാപരിപാടികളുമായി അവസാനിപ്പിക്കുന്നതിനോട് യോജിപ്പില്ലാത്ത ഫാ.ബെന്നി മാരാംപറമ്പില്‍ ആണ് ഒരാഴ്ച മുന്‍പ് ഈ ആശയം പള്ളിയില്‍ അവതരിപ്പിച്ചത്. ഇടവക ജനം ഒന്നടങ്കം ഇത് ഏറ്റെടുക്കുകയായിരുന്നു.