
ബിഗ്ബോസ് സീസണ് ടു പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഓരോ ദിവസവും ബിഗ് ബോസ് ഹൗസില്‍ നടക്കുന്ന സംഭവങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എവിക്ഷന് ഘട്ടവും ടാസ്കുകളുമായി ബിഗ് ബോസ് മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം എവിക്ഷനിലൂടെ ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ അമൃതയെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ദയ അശ്വതി. ഇത്തവണ എലിമിനേഷന് വ്യത്യസ്ത രീതിയിലായിരുന്നു. രണ്ട് മത്സരാര്‍ത്ഥികളെ വീതമാണ് കണ്‍ഫെക്ഷന്‍ മുറിയിലേക്ക് വിളിപ്പിച്ചത്.
ദയ അശ്വതിയും എലീന പണിക്കരും ഒരുമിച്ചാണ് കണ്ഫഷന് റൂമിലേക്ക് എത്തിയത്. അവരില്‍ ഒരാളെ രണ്ട് പേരും ചേര്‍ന്ന് തീരുമാനിക്കണം. എന്നിട്ട് അയാളുടെ പേര് നോമിനേറ്റ് ചെയ്യണം. ഇതായിരുന്നു ഇത്തവണത്തെ നോമിനേഷന് രീതി. ദയയുടെ അനുമതിയോടെ എലീന ദയയുടെ പേര് നോമിനേറ്റ് ചെയ്തു. ഈ സമയത്തായിരുന്നു ദയയുടെ തുറന്നു പറച്ചില്. ഒരാളെ നോമിനേറ്റ് ചെയ്യണമെന്നായിരുന്നേല്‍ അമൃതക്കൊപ്പം വന്ന് അമൃതയെ നോമിനേറ്റ് ചെയ്തേനെയെന്നു ദയ പറഞ്ഞു. തുടര്‍ന്ന് അമൃതയെ കുറിച്ചും രഘുവിനെ കുറിച്ചുമായിരുന്നു ദയ തുറന്നു പറഞ്ഞത്.
'' അമൃതയുടെ കൂടെ നിന്നാല്‍ മതിയായിരുന്നു. എലീനയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുറവുകള്‍ ഉള്ളവര്‍ പുറത്തു നില്‍ക്കുന്നുണ്ട്. അമൃതയുടെ പേരേ ഞാന്‍ പറയൂ. അവളിട്ട ഡ്രസ് ഇതുവരെ അലക്കിയിട്ടില്ല. ബിഗ് ബോസില്‍ വന്നപ്പോള്‍ ഇട്ട ഡ്രസ് അന്നുതൊട്ട് അഴുക്കൊക്കെ പിടിച്ച് ബെഡിന്റെ തലയ്ക്കാപുറത്ത് കിടക്കുന്നുണ്ട്. അതിന്റെ മണം കാരണം ഉറങ്ങാന്‍ പറ്റുന്നില്ല. കൊതുക് കടിച്ചിട്ട് അവിടെ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. 29 വയസ്സായ സ്ത്രീയല്ലേ...ഒരു വൃത്തിയും വെടിപ്പുമില്ല.
കൈക്ക് വയ്യാതെ ഇരിക്കുന്ന മാഷ് പോലും (രജിത്) അലക്കി. മാഷിന്റെ കൂടെ എപ്പോഴും നടക്കുന്ന ആളല്ലേ. ആ മാഷിന്റെ ഡ്രസ് അലക്കി കൊടുത്തൂടെ. കണ്ണിനു വയ്യാതെ പോയില്ലായിരുന്നേല്‍ മാഷിനു കൈക്ക് സുഖമില്ലാത്തപ്പോള്‍ ഞാന്‍ അലക്കി കൊടുത്തേനെ. ഇവിടെ നിന്ന് പുറത്താകണമെങ്കില്‍ ഞാന്‍ അമൃതയുടെ പേര് പറയും. പാട്ട് പാടലൊന്നുമല്ല വലിയ കാര്യം. ബിഗ് ബോസ് വീട്ടില്‍ വേണ്ടത് വൃത്തിയും വെടിപ്പുമാണ്. അത് അമൃതക്കും അശ്വതിക്കും തീരെ ഇല്ല ബിഗ് ബോസേ'' - ദയ പറഞ്ഞു.
തുടര്‍ന്ന് രഘുവിനെക്കുറിച്ചും ദയ പറഞ്ഞിരുന്നു. താനുമായി വഴക്കിടുന്നതിനിടയില്‍ ഒറ്റതന്തയ്ക്ക് പിറന്നവനാണ് താനെന്ന് രഘു പറഞ്ഞിരുന്നു. '' മൂന്നാം വയസ്സില്‍ അച്ഛനെ നഷ്ടമായതാണ്. ജീവിതകഥ പറയുന്നതിനിടയില്‍ ഇതേക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. എന്നിട്ടും രഘു ഇങ്ങനെ പറഞ്ഞപ്പോള്‍ തന്റെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നത് പോലെയാണ് തോന്നിയത്. തന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു ഇത്. രഘുവാണ് ഒപ്പമുണ്ടായിരുന്നതെങ്കില്‍ നോമിനേറ്റ് ചെയ്യാന്‍ എളുപ്പമായിരുന്നു'' - ദയ പറയുന്നു.






