
തമിഴിലെ പ്രമുഖ സംവിധായകനാണ് ഗൗതം വാസുദേവ മോനോന്. തമിഴ് പ്രേക്ഷകര്‍ക്ക് മാത്രമല്ല മലയാളി പ്രേക്ഷകരുടേയും ഇഷ്ട സംവിധായകനാണ് അദ്ദേഹം. തമിഴില്‍ അദ്ദേഹം ഒരുക്കിയ മികച്ച പ്രണയ ചിത്രമായിരുന്നു വിണ്ണൈ താണ്ടി വരുവായാ. ചിമ്പുവും, തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തന്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണെന്ന് തുറന്നു പറയുകയാണ് ഗൗതം വാസുദേവ മോനോന്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
'' എന്റെ ജീവിതത്തിലുമുണ്ടായിരുന്നു ഒരു ജെസ്സി. എന്നെക്കാള്‍ പ്രായം കൂടിയ ആ പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. വീടിന്റെ മുകള്‍നിലയിലാണ് അവര്‍ താമസിച്ചിരുന്നത്. മലയാളി തന്നെ. എല്ലാം സിനിമയിലേതു പോലെ തന്നെ. കൗമാരത്തില്‍ മനസ്സിലുണ്ടായിരുന്ന പ്രണയം റീക്രിയേറ്റ് ചെയ്യുകയായിരുന്നു ചിത്രത്തില്‍. അന്ന് താമസിച്ചിരുന്നതു പോലെ ഒരു വീട് ഷൂട്ടിങ്ങിനായി തേടി കണ്ടുപിടിച്ചു. സിനിമയിലെ ജെസ്സി എങ്ങനെ ആ സിനിമയില്‍ കാര്‍ത്തിക്കിന്റെ കൂടെ ഇരുന്ന് പടം കണ്ടോ അതുപോലെ യഥാര്‍ത്ഥ ജീവിതത്തിലെ ജെസ്സി ചെന്നൈയില്‍ വച്ച് എന്റെ കൂടെയിരുന്ന് ഈ പടം കണ്ടു.
വളരെ റിയലിസ്റ്റികായി, കാന്‍ഡിഡ് ആയാണ് ചിത്രം ഷൂട്ട് ചെയ്തത്. അതില്‍ തൃഷ നടന്നു വരുന്ന സീനില്‍ സാരിയുടെ മുന്താണി പറക്കുന്നതു പോലും നാച്ചുറലായി വന്നതാണ്. അതില്‍ പകുതി രംഗങ്ങളിലും താരങ്ങള്‍ അഭിനയിക്കുമ്പോള്‍ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം അവര്‍ക്ക് അറിയില്ലായിരുന്നു. കാരണം, കുറേ സീനുകള്‍ റിഹേഴ്സല്‍ സമയത്ത് ഷൂട്ട് ചെയ്യുകയായിരുന്നു.'' - ഗൗതം മേനോന് പറഞ്ഞു.






