
ഗുവാഹത്തി: രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്ത രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്. രാജ്യസഭാംഗത്വം സ്വീകരിക്കാനുള്ള കാരണം സത്യപ്രതിജ്ഞയ്ക്കു ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മിക്കവാറും നാളെ ഡല്‍ഹിക്ക് പോകും. ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ. അതിനു ശേഷം വിശദാംശം മാധ്യമങ്ങളിലൂടെ വ്യക്തമാക്കാം. അസ്സമിലെ ഗുവാഹത്തിയില്‍ തന്നെ കാണാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്ന് ഗൊഗോയ് വിരമിച്ചത്. ഇതുവരെ ഒരു ചീഫ് ജസ്റ്റീസിനെയും വിരമിച്ച തൊട്ടുപിന്നാലെ നേരിട്ട് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടില്ല. 1991ല്‍ ചീഫ് ജസ്റ്റീസായി വിരമിച്ച രംഗനാഥ മിശ്ര പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും 1998ല്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
മുന്‍പ് ചീഫ് ജസ്റ്റീസായിരുന്ന പി.സദാശിവം വിരമിച്ചതിനു തൊട്ടുപിന്നാലെ നരേന്ദ്രമോഡി സര്‍ക്കാര്‍ അദ്ദേഹത്തെ കേരള ഗവര്‍ണര്‍ ആയി നിയമിച്ചിരുന്നു.






