ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ട് നടത്താനാകില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. ഇക്കാര്യം വ്യക്തമാക്കി ഗവര്‍ണര്‍ ലാല്‍ജി ടണ്ടണ് കമല്‍നാഥ് കത്ത് നല്കി. ചൊവ്വാഴ്ച തന്നെ കമല്‍നാഥ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും അല്ലാത്ത പക്ഷം ഭൂരിപക്ഷം നഷ്ടപ്പെട്ടതായി കണക്കാക്കേണ്ടി വരുമെന്നും കമല്‍നാഥിന് അയച്ച കത്തില്‍ ടണ്ടണ് വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ടണ്ടണ് നല്കിയ മറുപടിക്കത്തില്‍ കമല്‍നാഥ് ചൂണ്ടിക്കാട്ടി.
ലോമെങ്ങും കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിയമസഭ ചേരേണ്ടതില്ലെന്ന് സ്പീക്കര്‍ തീരുമാനിച്ചതെന്ന് കമല്‍നാഥ് വ്യക്തമാക്കി. മാര്‍ച്ച് 26 വരെയാണ് സഭ നിര്‍ത്തിവച്ചിരിക്കുന്നത്. കഴിഞ്ഞ 15 മാസത്തിനിടെ പല തവണ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതാണ്. ബി.ജെ.പി അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് സ്പീക്കറുടെ പരിഗണനയിലാണ്. ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി കോണ്‍ഗ്രസ് എം.എല്‍.എമാരെ കടത്തിക്കൊണ്ടുപോയി കര്‍ണാടകയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന കാര്യം പല തവണ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണ്. ബി.ജെ.പി, കോണ്‍ഗ്രസിന്റെ എം.എല്‍.എമാരെ ബലമായി തടങ്കലില്‍ പാര്‍പ്പിച്ച് അവരെ സര്‍ക്കാരിന് എതിരാക്കുകയാണെന്നും കമല്‍നാഥ് തന്റെ കത്തില്‍ ചൂണ്ടിക്കാട്ടി. 16 എം.എല്‍.എമാരെ മറ്റാര്‍ക്കും സ്വാധീനിക്കാന്‍ കഴിയാത്ത വിധത്തില്‍ അവരെ സ്വതന്ത്രരായി വിട്ടാല്‍ മാത്രമേ വിശ്വാസ വോട്ട് സാധ്യമാകൂ എന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.






