തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പൊന്മുടി യാത്രയ്ക്ക് പിന്നാലെ ഗവര്‍ണര്‍ ഇന്ന് തിരുവനന്തപുരം ലോ കോളജ് സന്ദര്‍ശിച്ചു. പരീക്ഷയുടെ അവസാന ദിവസമാണ് ഗവര്‍ണര്‍ കോളജില്‍ എത്തിയത്. കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനാണ് സന്ദര്‍ശനമെന്നാണ് വിശദീകരണം.
മൂന്നാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥികളുടെ മുന്നാം സെമസ്റ്ററിലെ അവസാന പരീക്ഷാ ദിവസമായിരുന്നു ഇന്ന്. കോളജില്‍ എത്തിയ ഗവര്‍ണര്‍ മുപ്പതോളം വിദ്യാര്‍ത്ഥികളുമായി യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെയാണ് ഇടപെട്ടത്. ഹാന്‍ഡ് സാനിറ്റൈസറും മുഖാവരണവും ഇല്ലായിരുന്നു. പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ടതില്ലെന്ന നിലപാട് പ്രഖ്യാപിച്ച ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഗവര്‍ണര്‍ പൊന്മുടിക്ക് ഉല്ലാസ യാത്ര പോയതും വിവാദമായിരുന്നു. അതേസമയം സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ താന്‍ ലംഘിച്ചിട്ടില്ലെന്നാണ് പൊന്മുടി സന്ദര്‍ശനത്തെ കുറിച്ച് ഗവര്‍ണര്‍ പറഞ്ഞത്. പൊന്മുടിയിലും വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഗവര്‍ണര്‍ 36 മണിക്കൂര്‍ പൊന്മുടിയില് ഉണ്ടായിരുന്നു.






