
കൊല്‍ക്കത്ത : ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ പി കെ ബാനര്‍ജി അന്തരിച്ചു. കൊല്‍ക്കത്തിയില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. ഒന്നര മാസമായി ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന ആശുപത്രിയിലായിരുന്നു അദ്ദേഹം. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഫെബ്രുവരി ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1960 ല്‍ ഇന്ത്യയെ റോം ഒളിമ്പിക്സില്‍ നയിച്ചത് പി കെ ബാനര്‍ജിയായിരുന്നു. ഫ്രഞ്ച് ടീമിനെതിരെ ഇന്ത്യയയുടെ സമനില ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു. 1962 ലെ ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരെ ഇന്ത്യ 2 - 1 ന് ജയിച്ച മത്സരത്തില്‍ ടീമിനായി 17 ാം മിനിറ്റില്‍ ഗോള്‍ നേടി.
1956 ല്‍ മെല്‍ബണില്‍ ഒളിമ്പിക്സ് മത്സരത്തില്‍ ഇന്ത്യക്കായി കളിച്ച് അദ്ദേഹം ഇന്ത്യയെ ജയത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക്വഹിച്ചു. ഓസീസിനെ 4 - 2 ന് മത്സരത്തില്‍ ഇന്ത്യ തോല്‍പ്പിച്ചു. ഇന്ത്യന്‍ ഫുട്ബോളിന് ബാനര്‍ജി നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഫിഫ ഭരണസമിതി 2004 ല്‍ അദ്ദേഹത്തിന് ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്കി ആദരിച്ചിരുന്നു. 1961 ല്‍ അര്‍ജുന പുരസ്കാരവും 1990 ല്‍ പദ്മശ്രീ പുരസ്കാരവും ലഭിച്ചു.






