
ന്യുഡല്‍ഹി: കൊവിഡ് 19 രോഗം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ നിയന്ത്രണം. ബാങ്കുകളില്‍ അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് അറിയിച്ചതാണ് ഇക്കാര്യം. കൊവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. റെയില്‍വേയുടെ എല്ലാ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളും നിര്‍ത്തുകയാണ്.
സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കി രാജ്യത്തെ 75 ജില്ലകള്‍ അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കൊവിഡ് ബാധിതമായ ജില്ലകളാണ് അടച്ചിടുന്നത്. ഇതില്‍ കേരളത്തിലെ ഏഴ് ജില്ലകളും ഉള്‍പ്പെടുന്നു. അടച്ചിടുന്ന ജില്ലകളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് പൂര്‍ണ്ണമായി അടയ്ക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
നിലവില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ക്ക് പുറമെ മറ്റ് ജില്ലകളില്‍ കൂടി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടാകും. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി ഇത് സംബന്ധിച്ച് തീരുമാനമെടുക്കാം.






