
തമ്മിൽ കണ്ടാൽ വഴക്കാണ്, പക്ഷേ കാണാതിരിക്കാനും കഴിയില്ല. മക്കളെക്കുറിച്ച് മിക്ക അമ്മമാരുടേയും പരാതിയായിരിക്കും ഇത്. കുട്ടിക്കാലത്ത് അൽപം വഴക്കും കുസൃതിത്തരവുമൊക്കെ ഉണ്ടാകുമെങ്കിലും പക്വതയെത്തുന്നതോടെ ഏറ്റവുമധികം ആത്മബന്ധവും ഇവർക്കിടയിലാകും, പ്രത്യേകിച്ച് സ്ത്രീകളിൽ. ഇത് അക്ഷരാർഥത്തിൽ ശരിവെക്കുകയാണ് നടി ശിൽപ ഷെട്ടിയും. സഹോദരി ഷമിത ഷെട്ടിയും താനും കുട്ടിക്കാലത്ത് പൊരിഞ്ഞ വഴക്കായിരുന്നെങ്കിലും ഇന്ന് പരസ്പരം ഏറ്റവും പ്രിയപ്പെട്ടവരാണെന്നും ശിൽപ പറയുന്നു.
മൂന്നരവയസ്സുള്ളപ്പോഴൊക്കെ സഹോദരിയോട് അസൂയ തോന്നിയിരുന്നുവെന്നും ശിൽപ പറയുന്നു. നിറത്തിന്റെ പേരിലാണ് ആദ്യമായി ഷമിതയോട് അസൂയ തോന്നിയതെന്നും ശിൽപ.
'' ഷമിത വെളുത്തിട്ടായിരുന്നു, എനിക്കാണെങ്കിൽ ഇരുനിറവും. അതുകൊണ്ടുതന്നെ പലപ്പോഴും അരക്ഷിതാവസ്ഥ തോന്നിയിട്ടുണ്ട്. അവളെ എന്തിനാണ് വെളുത്തു സുന്ദരിയാക്കിയതെന്നും എന്നെ ഇരുനിറക്കാരിയാക്കിയതെന്നും അമ്മയോട് എപ്പോഴും ചോദിക്കുമായിരുന്നു. ഉറക്കത്തിലൊക്കെ പലപ്പോഴും അവളെ നുള്ളി വേദനിപ്പിച്ചിട്ടൊക്കെയുണ്ട്'' ശിൽപ പറയുന്നു.
ഷമിത ഫിലിം ഇൻഡസ്ട്രിയിലേക്ക് വരാൻ തീരുമാനിച്ച സമയത്തെ അനുഭവവും ശിൽപ പങ്കുവെക്കുന്നു. '' ഷമിത ഏറ്റവും സുന്ദരിയാണെന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു. നല്ലൊരു അഭിനേത്രിയും നർത്തകിയുമായിരുന്നു അവൾ. അതുകൊണ്ടുതന്നെ പിന്നീടാരും എന്നെ വർക്കിനു വിളിക്കില്ലെന്നു പോലും തോന്നിയിരുന്നവെന്നും ശിൽപ.
എന്നാൽ ശിൽപയുടെ സഹോദരി എന്ന ലേബൽ തന്നെ തെല്ലൊന്നുമല്ല കുഴക്കിയതെന്നാണ് ഷമിതയുടെ വാദം. സ്കൂളിൽ പഠിക്കുമ്പോഴൊക്കെ തനിക്ക് നല്ലൊരു അത്ലെറ്റ് എന്ന പേരുണ്ടായിരുന്നു. എന്നാൽ ഫിലിം ഇൻഡസ്ട്രിയിലേക്കു കടന്നപ്പോൾ സംഗതി വ്യത്യസ്തമായിരുന്നു. ശിൽപയുടെ സഹോദരി എന്നതിനപ്പുറം സ്വന്തമായ വ്യക്തിത്വം ഉണ്ടാക്കുന്നത് കഠിനമായിരുന്നു. താരതമ്യങ്ങൾ ഉണ്ടാകുമായിരുന്നുവെന്ന് അറിയാമായിരുന്നെങ്കിലും അന്നൊക്കെ മാധ്യമങ്ങൾ തന്നോട് പരുക്കൻ ഭാവമായിരുന്നുവെന്നും ഷമിത കൂട്ടിച്ചേർക്കുന്നു.






