
കൊറോണ ഭീതിയില്‍ മുന്‍കരുതലിലാണ് ലോകമെങ്ങും. ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയും, ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. അതോടൊപ്പം രോഗ ലക്ഷണമുള്ളവര്‍ മാസ്കും ധരിയ്ക്കണം. നിരീക്ഷണത്തില്‍ ഇരിക്കേണ്ടവര്‍ നിര്‍ബന്ധമായും ഹോം ക്വാറന്റെയിനില്‍ ഇരിയ്ക്കണം.
താരങ്ങളടക്കമുള്ളവര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിച്ച് വീട്ടില്‍ തന്നെ കഴിയുകയാണ്. ഓരോ ദിവസവും ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. നടി ശ്രുതി ഹാസനും താനും കുടുംബവും പലയിടങ്ങളിലായി വീട്ടില്‍ തന്നെ തുടരുകയാണെന്ന് പറയുകയാണ്. ലണ്ടനില്‍ നിന്ന് രണ്ടാഴ്ച മുന്‍പ് മുംബൈയില്‍ എത്തിയ ശ്രുതി വീട്ടില്‍ ഐസൊലേഷനിലാണ്. വീട്ടില്‍ താന്‍ ഒറ്റയ്ക്കാണെന്നും കൂട്ടിനായി വളര്‍ത്തു പൂച്ച ക്ലാര മാത്രമാണ് കൂടെയുള്ളതെന്നുമാണ് ശ്രുതി പറയുന്നത്. അമ്മയും അച്ഛനും അനിയത്തിയുമെല്ലാം മറ്റ് സ്ഥലങ്ങളിലാണ്. അമ്മ സരിഗ മുംബൈയിലുണ്ടെങ്കിലും വേറെ ഫ്ലാറ്റിലാണ് താമസം. കമല്‍ഹാസനും അനിയത്തി അക്ഷരയും ചെന്നൈയിലാണ്.
'' കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ആളുകള്‍ പ്രശ്നത്തെ വളരെ ഗൗരവമായി തന്നെ കാണുന്നുണ്ട്. ഞാന്‍ തിരിച്ചു വന്നപ്പോഴേക്കും ഷൂട്ടിങ്ങുകളെല്ലാം തന്നെ നിര്‍ത്തി വെച്ചിട്ടുണ്ട്. എന്റെ കുടുംബവും ഐസോലേഷനില്‍ കഴിയുകയാണ്. അമ്മ സരിഗ മുംബൈയിലുണ്ട്. പക്ഷേ എനിക്കൊപ്പമില്ല. മറ്റൊരു ഫ്ളാറ്റിലാണ്. അച്ഛനും അക്ഷരയും ചെന്നൈയിലുണ്ട്. പക്ഷേ വേറെ വേറെ വീടുകളില്‍. പലരും ഓരോ യാത്രകളുമായി പലയിടത്തായിരുന്നു. അതിനാല്‍ തന്നെ ഒരുമിച്ച് ഐസോലേഷനില്‍ കഴിയാന്‍ സാധിച്ചില്ല. ആളുകളും ഇങ്ങനെയൊരു തീരുമാനമെടുക്കണമെന്നു തന്നെ തോന്നുന്നു'' - ശ്രുതി പറയുന്നു.






